ജലക്ഷാമം രൂക്ഷം: മാസത്തില്‍ അഞ്ച് ദിവസം മാത്രം കുളി, ഭക്ഷണം പുറത്ത് നിന്ന് ; നിത്യജീവിതം തകിടം മറിഞ്ഞു ബെംഗളൂരു നിവാസികള്‍


ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ബെംഗളൂരുവില്‍ കടുത്ത ജലക്ഷാമം. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ഈ നഗരത്തില്‍ വേനല്‍ തുടങ്ങിയതോടെ ജലദൗർലഭ്യം അനുഭവപ്പെട്ടുതുടങ്ങി.

നഗരത്തിന്റെ പ്രധാന മേഖലകളില്‍ എല്ലായിടത്തും കോർപറേഷന്റെ പൈപ്പ് വെള്ളവും ടാങ്കറില്‍ എത്തുന്ന വെള്ളവുമാണ് ഉപയോഗിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ടാങ്കർ വെള്ളത്തിന്റെ ലഭ്യതയും കുറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. ജലക്ഷാമം കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട് അധികൃതർ. കാർ കഴുകാനോ ചെടി നനയ്ക്കാനോ ടാങ്കർ ജലമോ പൈപ്പ് വെള്ളമോ ഉപയോഗിക്കരുതെന്ന് അധികൃതർ പറയുന്നു. ഇങ്ങനെ ചെയ്താല്‍ പിഴയൊടുക്കേണ്ടി വരും.
സ്വിമ്മിങ് പൂളുകളിലും മറ്റ് വിനോദമേഖലകളിലും ശുദ്ധജലം ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. മലനിജലം ശുദ്ധീകരിച്ച്‌ ഇവിടങ്ങളില്‍ ഉപയോഗിക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്.

എന്തായാലും ജലക്ഷാമം ജനങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാസത്തില്‍ അഞ്ച് ദിവസം മാത്രം കുളിക്കുക, ഭക്ഷണം പാകം ചെയ്യാൻ വെള്ളമില്ലാത്തതിനാല്‍ പുറത്തു നിന്ന് വാങ്ങുക, ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാത്തിനും ശുദ്ധീകരിച്ച മലിനജലം ഉപയോഗിക്കുക എന്നിങ്ങനെ ജീവിതത്തില്‍ പുതിയ പൊരുത്തപ്പെടലുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ബെംഗളൂരു നിവാസികള്‍.

Post a Comment

Previous Post Next Post