ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ എല്ലാം ആപ്പുവഴി അറിയാമെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നല്ലോ.. കെ.വൈ.സി 'Know Your Candidate' (KYC) എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനിടെയാണ് ആപ്പ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഈ ആപ്പിലൂടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടോ? സ്വത്ത് വിവരങ്ങള്‍, ബാധ്യതകള്‍ എന്നതടക്കമുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ആപ്പില്‍ സ്ഥാനാര്‍ഥികളുടെ പേര് ടൈപ്പ് ചെയ്ത് നല്‍കിയാല്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും. സ്ഥാനാര്‍ഥിക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കേസ് ഏത് തരത്തിലുള്ളതാണെന്നും കേസിന്റെ നിലവിലെ സ്ഥിതിയെന്താണെന്നും അറിയാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കൂടുതല്‍ ഉറപ്പാക്കുകയാണ് ആപ്പിന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
ആപ്പുവഴി സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അറിയാന്‍ : പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ KYC ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, ആപ്പ് ഓപ്പണ്‍ ചെയ്ത് നിങ്ങളുടെ സ്ഥാനാര്‍ഥിയുടെ പേര്, സംസ്ഥാനം, മണ്ഡലം എന്നിവ നല്‍കി സെര്‍ച്ച് ചെയ്യാം.
രാജ്യത്ത് ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 26നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. ഒന്നാംഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ്. നാലാംഘട്ടം മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ്‍ ഒന്നിനാണ്. ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
Post a Comment