നടുവില്‍: കുടിയാന്മലയില്‍ നിന്നും സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ദീർഘദൂര ബസുകള്‍ പിൻവലിച്ച നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.
കോവിഡ് കാലത്ത് പോലും ലാഭകരമായി സർവീസ് നടത്തിയിരുന്ന മംഗളൂരുവിലേക്കുള്ള ബസ് സർവീസ് നിർത്തിയത് യാത്രക്കാരെ വലയ്ക്കുകയാണ്.
പുലർച്ചെ 3.40ന് കുടിയാൻമലയില്‍ നിന്നും പുറപ്പെട്ട് എട്ടിന് മംഗളൂരുവില്‍ എത്തിയിരുന്ന ഈ ബസ് സർവീസ് മംഗളൂരുവിലെ ആശുപത്രികളിലേക്കുള്ള രോഗികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. കാസർഗോഡ് ഡിപ്പോയിലെ ചില ഉദ്യോഗസ്ഥരുടെ നിലപാടുകളാണ് ബസ് സർവീസ് നഷ്ടത്തിലാക്കി നിർത്തുന്നതിലേക്ക് എത്തിച്ചതെന്ന് യാത്രക്കാർ ആരോപിച്ചു.
കഴിഞ്ഞ 14 വർഷമായി സർവീസ് നടത്തിവന്ന കുടിയാന്മല-നടുവില്‍-തളിപ്പറമ്ബ്-റാന്നി സൂപ്പർഫാസ്റ്റ് ബസും സർവീസ് നിർത്തിയിരിക്കുകയാണ്. പുലർച്ചെ 4.10ന് കുടിയാന്മലയില്‍ നിന്നും സർവീസ് ആരംഭിച്ച് വൈകുന്നേരം 6.15ന് റാന്നിയില്‍ എത്തുന്ന സർവീസായിരുന്നു ഇത്. ഇതേസമയം മറ്റൊരു ബസ് റാന്നിയില്‍ നിന്ന് പുലർച്ചെ പുറപ്പെട്ട് വൈകുന്നേരം കുടിയാന്മലയിലും എത്തുമായിരുന്നു.
നടുവില്‍, മണ്ടളം, പുലിക്കുരുമ്ബ, കുടിയാന്മല, ഒടുവള്ളി, ചപ്പാരപ്പടവ് തുടങ്ങി മലയോര മേഖലയിലെ യാത്രക്കാർക്ക് അതിരാവിലെ തളിപ്പറമ്ബ്, കണ്ണൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തിച്ചേരാനും, ദീർഘദൂര യാത്രകള്‍ക്ക് ട്രെയിനില്‍ പോകാനും ഏറെ സൗകര്യപ്രദമായിരുന്നു ഈ സർവീസ്. ഇതിന് പിന്നാലെ സ്വകാര്യ ബസ് തൃശൂരിലേക്ക് സർവീസ് ആരംഭിച്ചതാണ് കെഎസ്‌ആർടിസി നിർത്തലാക്കാൻ കാരണമെന്ന് പറയുന്നു.
റാന്നി ഡിപ്പോയിലെ ചില ഉദ്യോഗസ്ഥരുടെ താത്പര്യമാണ് ബസ് സർവീസ് നിർത്തലാക്കാൻ കാരണമെന്നും ആരോപണമുണ്ട്. കാഞ്ഞിരപ്പള്ളി, റാന്നി ഉള്‍പ്പെടെയുള്ള തിരുവിതാംകൂർ മേഖലയുമായി ബന്ധിപ്പിച്ചുള്ള സർവീസ് നിർത്തലാക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ കഴിഞ്ഞദിവസം ഉറപ്പു നല്‍കിയിരുന്നെങ്കിലും സർവീസ് പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
Post a Comment