ചീക്കാട് മധുവനത്ത് പുലിയുടെ സാന്നിധ്യം: വനംവകുപ്പ് തെരച്ചില്‍ നടത്തി

ആലക്കോട്: കാട്ടാനയുടെ ശല്യം മൂലം പൊറുതി മുട്ടിയ പ്രദേശത്ത് പുലിയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഉദയഗിരി പഞ്ചായത്തിലെ കേരള-കർണാടക വനാതിർത്തിയോട് ചേർന്നുള്ള ചീക്കാടിന് സമീപം മധുവനത്ത് ജനവാസ മേഖലയിലാണ് പുലിയിറങ്ങിയത്.
കഴിഞ്ഞ ദിവസം രാവിലെ 10 ഓടെ മധുവനം സ്വദേശി തടത്തേല്‍ വിശ്വംഭരനാണ് പുലിയെ കണ്ടത്. റബർ തോട്ടത്തില്‍ പാലെടുക്കാൻ പോകുന്നതിനിടെയാണ് പുലിയെ കണ്ടത്.

പഞ്ചായത്തംഗം ഷൈലജ സുനില്‍ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വനംവകുപ്പ് പ്രദേശത്ത് ജാഗ്രത നിർദ്ദേശം നല്കി. വനമേഖലയോട് ചേർന്ന പ്രദേശമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കർണാടക വനത്തില്‍ നിന്നുള്ള കാട്ടാനക്കൂട്ടത്തിന്‍റെആക്രമണം മേഖലയില്‍ തുടർക്കഥയായിക്കൊണ്ടിരിക്കുന്നതിനിടെയാണ് അതിർത്തി ഗ്രാമങ്ങളില്‍ പുലി ഭീതിയും ഉടലെടുത്തിരിക്കുന്നത്. 

പുലിയെ ആളുകള്‍ നേരില്‍ കണ്ട സാഹചര്യത്തില്‍ കൂട് സ്ഥാപിച്ച്‌ പിടികൂടുന്നതിന് വനംവകുപ്പ് അധികൃതർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post