കാസര്‍കോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്തി


കാസര്‍കോട്: കുടുംബവഴക്കിനെ തുടര്‍ന്ന് കുറ്റിക്കോല്‍ നൂഞ്ഞിങ്ങാനത്ത് സഹോദരനെ വെടിവെച്ച്‌ കൊന്നു. വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ.അശോകന്‍ (46) ആണ് വെടിയേറ്റ് മരിച്ചത്. അശോകന്റെ സഹോദരന്‍ ബാലു എന്നറിയപ്പെടുന്ന കെ. ബാലകൃഷ്ണനെ (49) ബേഡകം പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപാനത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അശോകനും ഭാര്യ ബിന്ദുവും പ്രതി ബാലകൃഷ്ണനും ഒരേ വീട്ടിലായിരുന്നു താമസം. ഇവര്‍ സ്ഥിരമായി മദ്യപിച്ച്‌ വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പതിവുപോലെ ഞായറാഴ്ചയും സന്ധ്യയോടെ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായി. വരാന്തയില്‍ ഇരിക്കുകയായിരുന്ന ബാലകൃഷ്ണന്റെ കാലില്‍ അശോകന്‍ വെട്ടുകല്ല് കൊണ്ടിടുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങിയ ബാലകൃഷ്ണന്‍ അയല്‍വാസിയായ മാധവന്‍ നായരുടെ വീട്ടില്‍നിന്നും തോക്കുമായി തിരികെ വന്ന് അശോകന് നേരെ വെടിയുതിര്‍ത്തു.

ശബ്ദം കേട്ട് ഓടി വന്ന നാട്ടുകാര്‍ അശോകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. യാത്രാസൗകര്യം കുറഞ്ഞ സ്ഥലമായതിനാല്‍ രാത്രി 12 മണിയോടെയാണ് അശോകനെ ആശുപത്രിയില്‍ എത്തിക്കാൻ കഴിഞ്ഞത്. തുടയില്‍ വെടികൊണ്ട അശോകന്‍ ചോര വാര്‍ന്നാണ് മരിച്ചതെന്നതാണ് പ്രാഥമിക നിഗമനം. പ്രതി ബാലകൃഷ്ണന്‍ അവിവാഹിതനാണ്.

Post a Comment

Previous Post Next Post