തടിക്കടവ്: മലയോരത്ത് പുഴയില്‍ നഞ്ച് കലക്കി മീൻ പിടിക്കുന്നത് വ്യാപകമായി. കുടിവെള്ളത്തിനു പോലും ജനങ്ങള്‍ പുഴയെ ആശ്രയിക്കുമ്ബോഴാണ് പുഴയില്‍ നഞ്ച് കലക്കി മീൻ പിടിക്കുന്നത്.
ആലക്കോട്,ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ അതിർത്തിയായ കുറ്റിപ്പുഴ കരിങ്കല്ല് ഭാഗത്താണ് ഇന്നലെ ഉച്ചയോടു കൂടി മീനുകള്‍ ചത്തു പൊങ്ങിയത്. പുഴ സംരക്ഷണ സമിതി കണ്‍വീനർ കെ.സി. ലക്ഷ്മണൻ പഞ്ചായത്തിലും പോലീസിലും പരാതി നല്‍കി.
ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ പുഴയില്‍ നീരൊഴുക്ക് പല ഭാഗത്തും നിലച്ചിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മാത്രമാണ് നിലവിലെ അവസ്ഥ. അവിടെയാണ് നഞ്ചു കലക്കി മീൻപിടുത്തം നടക്കുന്നത്. നഞ്ച് കലക്കിയ പ്രദേശത്തിന്‍റെ തൊട്ടു താഴെ നിന്നാണു ജലനിധി പദ്ധതിയിലേക്കു വെള്ളം എടുക്കുന്നത്. മാത്രവുമല്ല സമീപപ്രദേശങ്ങളിലെ കിണറുകളും കുളങ്ങളിലും ജലനിരപ്പ് തീരെ താഴ്ന്ന നിലയിലാണ്. ഈ വിഷാംശം കിണറുകളിലേക്കും താഴാൻ സാധ്യതയുള്ളതായി പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു.
ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭ നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പുഴ സംരക്ഷണ സമിതി കണ്‍വീനർ കെ.സി. ലക്ഷ്മണൻ പറഞ്ഞു. എന്നാല്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പ്രദേശത്ത് ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കാൻ ചപ്പാരപ്പടവ് പഞ്ചായത്ത് സുനിജ ബാലകൃഷ്ണനും ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ടും അധികൃതർക്ക് നിർദേശം നല്‍കി.

Post a Comment