എല്ലാവരുടെയും ശ്രദ്ധക്ക്, ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്, ഉദ്യമത്തില്‍ പങ്കുചേരാം


തിരുവനന്തപുരം:  ആഗോളതാപനത്തിനെതിരെ ഭൗമ മണിക്കൂർ ആചരിക്കാൻ മന്ത്രിയുടെ ആഹ്വാനം. ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാനാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി ആഹ്വാനം ചെയ്തത്.
അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ സാധാരണയായി എല്ലാ വർഷവും മാർച്ച്‌ മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച്‌ പങ്കുചേരുന്നു. 

എന്നാല്‍, ഇത്തവണ മാർച്ച്‌ 23 ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post