ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ആറ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവത്തിന് മുമ്പ് അഭിഭാഷകരുമായി സംസാരിക്കാന്‍ പത്തു മിനിറ്റ് കെജരിവാളിന് കോടതി അനുവദിച്ചിരുന്നു. മൂന്നേകാല്‍ മണിക്കൂറോളമാണ് കോടതിയില്‍ വാദങ്ങള്‍ നടന്നത്. കെജരിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കെജരിവാള്‍ ആണെന്ന് ഇഡി കോടതിയില്‍ വാദിച്ചു. മദ്യനയത്തില്‍ ഗൂഢാലോചന നടത്തിയത് കെജരിവാളാണ്. നയരൂപീകരണത്തില്‍ കെജരിവാളിന് നേരിട്ട് പങ്കുണ്ട്. കെജരിവാള്‍ സൗത്ത് ഗ്രൂപ്പില്‍ നിന്നും കോഴ ചോദിച്ചുവാങ്ങി. പണം പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചുവെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു കോടതിയെ അറിയിച്ചു.
ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 45 കോടി ഉപയോഗിച്ചു. ഹവാല വഴിയും പണം എത്തിച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ഗോവയിലേക്കുമാണ് പണം എത്തിച്ചത്. 100 കോടിയുടെ കോഴ ഇടപാടു വഴി, സൗത്ത് ഗ്രൂപ്പിന് 600 കോടിയാണ് ലാഭമുണ്ടായത്. കോഴ ഇടപാടില്‍ ഇടനിലക്കാരനായത് മലയാളിയായ വിജയ് നായരാണ്. വാട്സ് ആപ്പ് ചാറ്റുകള്‍ അടക്കം തെളിവായുണ്ട് എന്നും ഇഡി കോടതിയെ അറിയിച്ചു.
Post a Comment