ബെംഗളൂരു-മൈസൂരു പാതയില്‍ ടോള്‍ നിരക്ക് കൂട്ടുന്നു; ഇത്തവണ കൂടുന്നത് 50 രൂപ വരെ


ബെംഗളൂരു-മൈസൂരു പാതയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് ദേശീയ പാത അതോറിറ്റി. വാഹനങ്ങൾ അനുസരിച്ച് അഞ്ച് രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധന.

ഏപ്രില്‍ ഒന്ന് മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക. പാതയില്‍ ടോള്‍ പിരിവ് തുടങ്ങിയ ശേഷം രണ്ടാം തവണയാണ് നിരക്ക് കൂട്ടുന്നത്.

പുതുക്കിയ നിരക്കനുസരിച്ച് കാറുകള്‍ക്ക് ഒരു ദിശയിലെ നിരക്ക് 165 രൂപയില്‍ നിന്ന് 170 രൂപയായും ബസുകള്‍ക്കും ലോറികള്‍ക്കും ഒരു വശത്തേക്ക് 565 രൂപ ആയിരുന്നത് 580 രൂപയായി വര്‍ധിച്ചു.

ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍, മിനി ബസുകള്‍ക്ക് ഒരുവശത്തേക്ക് 270 രൂപ നല്‍കേണ്ടത് 275 രൂപ ആയാണ് വര്‍ധിക്കുക. വലിയ വാഹനങ്ങള്‍ക്ക് 1,110 രൂപയാണ് ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കേണ്ടത്. നേരത്തേ ഇത് 1,060 രൂപയായിരുന്നു. പ്രതിമാസ പാസുകള്‍ക്ക് 800 രൂപ വരെയാണ് വര്‍ധന. ദേവന ഹള്ളി നല്ലൂര്‍ ടോള്‍ പ്ലാസയിലും നിരക്ക് വര്‍ധിച്ചിട്ടുണ്ട്.

അതേസമയം, ചില ഇളവുകള്‍ ടോള്‍ പ്ലാസകളില്‍ നിന്ന് ലഭിക്കും. 24 മണിക്കൂറിന് ഉള്ളിലുള്ള മടക്ക യാത്രക്ക് 25 ശതമാനവും മാസം 50 തവണയെങ്കിലും ഒരു വശത്തേക്ക് യാത്ര ചെയ്താല്‍ 33 ശതമാനവും ഇളവുണ്ടാകും. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ള സ്വകാര്യ വാഹന ഉടമകള്‍ക്ക് 340 രൂപക്ക് ഒരു മാസത്തേക്കുള്ള പാസും ലഭിക്കും.

Post a Comment

Previous Post Next Post