വരള്‍ച്ച രൂക്ഷം, പുഴകള്‍ വറ്റിത്തുടങ്ങി

ആലക്കോട്: വേനല്‍ കടുത്തതോടെ മലയോര മേഖല വരള്‍ച്ചയിലേക്കും ജലക്ഷാമത്തിലേക്കും നീങ്ങുന്നു. രയറോം, ആലക്കോട്, കരുവഞ്ചാല്‍, ചപ്പാരപ്പടവ് പുഴകളില്‍ ജലനിരപ്പു കുറഞ്ഞതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയിലാണ്.


പുഴയോട് ചേർന്നു തന്നെ പ്രധാന ടൗണുകളും സ്ഥിതി ചെയ്യുന്നതിനാല്‍ ജലവിതരണം തടസപ്പെടുമോ എന്ന ആശങ്ക വ്യാപാരികളും അനുഭവിക്കുന്നു. 

കിണറുകളിലേയും ഭൂഗർഭ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു തുടങ്ങി. ചാത്തമംഗലം, പരുത്തിക്കല്ല്, ജയഗിരി, കാപ്പിമല, മുതുശേരി പോലുള്ള പ്രദേശങ്ങളില്‍ കുഴല്‍ കിണറുകളും ജലത്തിനു ക്ഷാമം അനുഭവപ്പെടുന്നു. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ വർഷങ്ങളില്‍ 400 അടിക്കു മുകളില്‍ കുഴിച്ചിട്ടു ജലം ലഭിക്കാതെ കൂടുതല്‍ കുഴല്‍ കിണറുകള്‍ സ്ഥാപിച്ചാണ് ജലക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണുന്നത്.

ജലനിരപ്പു താഴ്ന്നതോടെ ശുദ്ധജലവിതരണവും താളം തെറ്റിത്തുടങ്ങി. പുഴയിലെ ജലനിരപ്പു കുറയുന്നതോടെ ചെറുകിട ജലവിതരണ പദ്ധതികള്‍ നിലയ്ക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ജല സംരക്ഷണത്തിന് തീവ്രശ്രമം ഉണ്ടായില്ലെങ്കില്‍ കുടിവെള്ളത്തിനും കാർഷിക ആവശ്യ ങ്ങള്‍ക്കും മറ്റും ജനം ബുദ്ധിമുട്ടേണ്ടി വരും. 

അനിയന്ത്രിതമായി കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുഴയിലെ വെള്ളം പമ്ബ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജലക്ഷാമം അതിരൂക്ഷമാകും. പുഴകളിലെ ജലം മലിനമാ കാതിരിക്കാൻ പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ആവശ്യമാണ്. മുൻകാലങ്ങളില്‍ പുഴയില്‍ വെള്ളത്തിന്‍റെ അളവ് കുറയുന്ന സമയങ്ങളില്‍ മീൻ പിടിക്കുന്നതിനുവേണ്ടി തോട്ടയിട്ടും തുരിശു കലക്കിയും ജലം മലിനമാക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. 

ഇത് പുഴകളില്‍ മത്സ്യങ്ങള്‍ അടക്കം ചത്തുപൊങ്ങുന്നതിന് കാരണമാകുന്നു. പുഴയിലെ വെള്ളം ക്രമീകരിച്ചു നിർത്താൻ പുഴയുടെ പല ഭാഗങ്ങളില്‍ മണല്‍ ചാക്കിട്ട് തടയണ നിർമിക്കണം എന്നാണ് നാട്ടുകാരുടെ അവശ്യം.

Post a Comment

Previous Post Next Post