കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോല്‍സവത്തിനിടെ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നു പോലീസ്.
പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതടക്കം വിവിധ കാരണങ്ങളാലുള്ള പകമൂലം കൊലപ്പെടുത്തണമെന്ന് തീരുമാനിച്ചുറപ്പിച്ചാണ് പ്രതി ക്ഷേത്രത്തില്‍ എത്തിയതെന്നും പോലീസ് പറയുന്നു.
സിപിഎം കൊയിലാണ്ടി ടൗണ്‍ സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പി.വി. സത്യനാഥൻ (64) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ പുറത്തോല്‍ അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ വിരോധം കാരണമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി കൊയിലാണ്ടി പോലീസ് അറിയിച്ചു.
പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും മൊഴി നല്‍കി. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥൻ പലവട്ടം ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു. അഭിലാഷിന്‍റെ ലഹരി ഉപയോഗത്തെ സത്യനാഥൻ എതിർത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്.
ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയില്‍ ഉള്‍പ്പെട്ടയാളാണ് എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്‍റെയും ലഹരി ഉപയോഗം സത്യൻ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.
2015 ലാണ് അഭിലാഷിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാർട്ടിയില്‍ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും അഭിലാഷിനുണ്ടായിരുന്നു. അതിനുശേഷം പാര്‍ട്ടിയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി അക്രമസംഭവങ്ങളില്‍ അഭിലാഷ് ഉള്‍പ്പെട്ടിരുന്നു.
പാര്‍ട്ടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തിക്കുകയും തനിക്കുനേരേ അക്രമമുണ്ടായെന്ന് കാണിക്കാന്‍ അഭിലാഷ് സ്വയം ബൈക്ക് കത്തിക്കാന്‍ ശ്രമിക്കുകയും വീട്ടിലെ വാഴ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നതായും വിവരമുണ്ട്.
വ്യാഴാഴ്ച രാത്രി പത്തിന് പെരുവെട്ടൂർ ചെറിയപ്പുറം ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായി ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കഴുത്തിന് ഇരുഭാഗത്തും മുറിവേറ്റ സത്യനാഥനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. സംഭവസമയത്ത് സത്യനാഥന്‍റെ ഭാര്യയും മകനും ഉല്‍സവപ്പറമ്ബിലുണ്ടായിരുന്നു.
യാതൊരുപ്രകോപനവുമില്ലാതെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള അക്രമമാണ് നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ചോരയില്‍ കുളിച്ച് സത്യനാഥന്‍ പിടയുന്നത് കണ്ടാണ് പലരും വിവരമറിയുന്നത്. ഈ സമയത്ത് ഓടിപ്പോയ അഭിലാഷ് പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ നടത്തി. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
Post a Comment