പാലക്കയംതട്ട് വികസന തടസം; യോഗം വിളിച്ച്‌ ജില്ലാ കളക്‌ടര്‍


കണ്ണൂർ: ഉത്തര മലബാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പാലക്കയംതട്ടും പൈതല്‍മലയും നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹാര നിർദേശങ്ങള്‍ രൂപപ്പെടുത്താൻ കണ്ണൂരില്‍ കളക്‌ടറുടെ സാന്നിധ്യത്തില്‍ യോഗം നടന്നു.

ടൂറിസവുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുവാനും തടസങ്ങള്‍ നീക്കാനുമായി സജീവ് ജോസഫ് എംഎല്‍എയുടെ നിർദേശ പ്രകാരമാണു യോഗം വിളിച്ചത്. പാലക്കയംതട്ടിലെ ടൂറിസം വികസനത്തിനുള്ള തടസങ്ങള്‍ വിശദമായി ചർച്ച ചെയ്യുകയും ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട തുടർചർച്ചകളും യോഗങ്ങളും നടത്തുവാനും തീരുമാനിച്ചു. സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാൻ വിവിധ വകുപ്പുകള്‍ക്കു നിർദേശം നല്‍കി.

ടൂറിസം സർക്യൂട്ട് യാഥാർഥ്യമാക്കാൻ ടൂറിസം വകുപ്പും ധനവകുപ്പും പ്രഖ്യാപിച്ച പദ്ധതികള്‍ ഉടൻ നടപ്പിലാക്കണമെന്നും എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ അടഞ്ഞു കിടക്കുന്ന ഡിടിപിസിയുടെ സ്ഥാപനങ്ങള്‍ ഉടൻ പ്രവർത്തന യോഗ്യമാകാൻ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. പാലക്കയംതട്ടിലെ സഞ്ചാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എംഎല്‍എ കളക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തി അടയന്തിര നടപടികള്‍ ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങള്‍ ഉടൻ നല്കുമെന്നും കളക്‌ടർ യോഗത്തില്‍ അറിയിച്ചു. 

ജില്ലാ കളക്‌ടർ അരുണ്‍ കെ. വിജയൻ, ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ട്, നടുവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഓടംപള്ളി, ഏരുവേശി പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഷൈബി, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ, തളിപ്പറമ്ബ് തഹസില്‍ദാർ സജീവൻ, ലോ ഓഫീസർ രാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post