ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ആലക്കോട്: വേനല്‍ കടുത്തതോടെ മലയോരമേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.
എന്നാല്‍, ഈ പഞ്ചായത്തുകളുടെ 2024 -25 വർഷത്തെ ബജറ്റില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തുക നീക്കി വയ്ക്കാത്തതിനും പ്രതിഷേധം രൂക്ഷമാണ്. കുടിവെള്ളക്ഷാമം രൂക്ഷമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ വേനല്‍ കടുക്കുന്നതോടെ വീടുകള്‍ അടച്ചിട്ട് വളർത്തുമൃഗങ്ങളെയും വിറ്റ് മൂന്നും നാലും മാസത്തേക്ക് ബന്ധുവീടുകളിലേക്ക് താമസം മാറുന്നതും പതിവ് കാഴ്ചയാണ്. 

കുടിവെള്ളം എത്തിക്കാൻ പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാറില്ല. കഴിഞ്ഞ വർഷങ്ങളില്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം വീടുകളില്‍ വെള്ളം എത്തിച്ചെങ്കിലും അത് ആവശ്യങ്ങള്‍ക്ക് തികയുന്നില്ലെന്നും വാഹനങ്ങള്‍ കടന്നു പോകാത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് ജലം ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. ജലക്ഷാമം രൂക്ഷമുള്ള പ്രദേശങ്ങളില്‍ കുഴല്‍ക്കിണർ കുഴിച്ചും നിലവിലുള്ള ജലസേചന സൗ കര്യങ്ങള്‍ കാര്യക്ഷമമാക്കിയും പ്രവർത്തനരഹിതമായ പമ്ബ് ഹൗസുകള്‍ വഴിയുള്ള ജലവിതരണം പുനഃസ്ഥാപിച്ചും ജലക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നോക്കുകുത്തിയായി 
കുടിവെള്ള പദ്ധതികള്‍ 

പത്തുവർഷം മുമ്ബ് 12 കോടിയിലേറെ മുടക്കി നിർമ്മിച്ച ആലക്കോട് പഞ്ചായത്തിലെ രയരോം ബീബുങ്കാട് കുടിവെള്ള പദ്ധതിയുടെ പമ്ബ് ഹൗസും കുഴിച്ചിട്ട പൈപ്പുകളും നിത്യസ്മാരകങ്ങളായി മാറുമോ.. ‍? കേന്ദ്ര സംസ്ഥാന പദ്ധതിയുടെ ഫണ്ടും തദ്ദേശ സ്ഥാപനത്തിന്‍റെ ഫണ്ടും ഉപയോഗിച്ച്‌ ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് രണ്ടുവർഷത്തോളമായി ജലം ലഭ്യമാവാതെ 900 കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുന്നത്. ആലക്കോട് പഞ്ചായത്തിലെ 10 വാർഡുകളില്‍ വെള്ളം എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ആരുടെയൊക്കെയോ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നത്. 

ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ പണം മുടക്കി കണക്ഷൻ എടുത്തവർക്കാണ് ഈ ദുർഗതി. പദ്ധതി തുടക്കം മുതല്‍ നിർമാണ പ്രവൃത്തിയേയും പറ്റിയും അതില്‍ ഉപയോഗിച്ചിരിക്കുന്ന പൈപ്പുകളുടെ ഗുണനിലവാരത്തെപ്പറ്റിയും പരാതി ഉയർന്നിരുന്നു. വെള്ളം ചാർജ് ചെയ്യുന്ന സമയങ്ങളില്‍ തന്നെ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നത് നിത്യ കാഴ്ചയായിരുന്നു. കോടികള്‍ മുടക്കി നിർമിച്ച ജലവിതരണ പദ്ധതി നശിച്ചുകൊണ്ടിരിക്കുമ്ബോള്‍ തന്നെ ആലക്കോട് പഞ്ചായത്തിലെ പല വാർഡുകളിലും വണ്ടികളില്‍ കുടിവെള്ളം വീടുകളില്‍ എത്തിച്ചാണ് ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കുന്നു. കാർത്തികപുരത്തുള്ള കുടിവെള്ള പന്പ് ഹൗസും തകർച്ചയുടെ വക്കിലാണ്.

Post a Comment

Previous Post Next Post