ആലക്കോട്: ആലക്കോട് പാലത്തിന് സമീപം നിർമിച്ച ഡിവൈഡർ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി. കുടിയാന്മല, പാത്തൻപാറ, ഒറ്റത്തൈ, മോറാനി, നെല്ലിക്കുന്ന് ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് പാലത്തിലേക്ക് കടക്കാൻ തടസം സൃഷ്ടിക്കുന്ന രീതിയിലാണ് ഡിവൈഡർ നിർമിച്ചു വച്ചിട്ടുള്ളത്.
പൈതല്‍മല, പാലക്കയംതട്ട് തുടങ്ങിയ ടൂറിസ്റ്റ് മേഖലയിലേക്കുള്ള പ്രധാന റോഡില്‍ യാത്രാദുരിതം വർധിക്കുന്നതാണിപ്പോഴത്തെ സ്ഥിതി. പഴയപാലത്തിന്‍റെയും പുതിയ പാലത്തിന്‍റെയും പള്ളി ഭാഗത്ത്, മോറാനി ഭാഗത്തുകൂടി വന്നു ചേരുന്ന റോഡിലെ വാഹനങ്ങള്‍ക്ക് പുതിയ പാലത്തിലേക്കും പ്രധാന റോഡിലേക്കും കയറാനും തിരിച്ചുപോകാനും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ഈ റോഡിലൂടെ കടന്നുപോകുന്ന കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും ആലക്കോടുനിന്ന് വന്ന് സെന്‍റ് മേരീസ് ഫൊറോനാ പള്ളിയുടെ മുമ്ബില്‍ പോയി തിരിച്ച് വന്നാണ് ഈ റോഡിലേക്ക് പ്രവേശിക്കുന്നത്.
ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഈ രീതിയിലാണ് പ്രവേശിക്കുന്നത്. കെഎസ്‌ആർടിസി അടക്കമുള്ള ദീർഘദൂര ബസുകളും സ്വകാര്യ ബസുകളുമുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന മലയോര ഹൈവേയുടെ ഭാഗമായുള്ള ഇവിടെ ഇത്തരത്തില്‍ ഡിവൈഡർ സ്ഥാപിച്ചത് അപകട സാധ്യതയ്ക്കും ഗതാഗത കുരിക്കിനും കാരണമാകുന്നു.
ഉദ്ഘാടനാലോചന യോഗത്തില്‍ ഈ പ്രദേശത്തെ ജനപ്രതിനിധികള്‍ അടക്കം ഡിവൈഡർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
പുതിയപാലം തുറക്കുന്നതോടെ പഴയ പാലത്തില്‍ വാഹന യാത്ര നിലക്കും. അതോടെ സു ഗമമായ യാത്രയ്ക്ക് അസൗകര്യമാകുന്ന അനാവശ്യ ഡിവൈഡർ നീക്കം ചെയ്യണമെന്നാണ് പരിസര പ്രദേശത്തുള്ളവരുടെ അവശ്യം.
Post a Comment