കണ്ണൂർ: ജില്ലാ അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവത്തിന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ തുടക്കമായി.
നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കണ്ണിന് മധുരം നല്‍കുന്ന നിരവധി കാഴ്ചകളാണ് പുഷ്പോത്സവത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ നഗരത്തിൻ്റെ ഉത്സവമായി ഇതു മാറണം. വർഗീയ-മത ചിന്തകള്‍ക്ക് അതീതമായി മനുഷ്യരെ ഒത്തൊരുമിപ്പിക്കുന്ന ഇത്തരം ഒത്തുചേരലുകള്‍ ജനം പ്രോത്സാഹിപ്പിക്കണം. ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയും ഡി ടി പി സിയും യോജിച്ച് മുന്നോട്ടുപോയാല്‍ വരുംവർഷങ്ങളില്‍ കൂടുതല്‍ ദിവസങ്ങള്‍ നീളുന്ന രീതിയില്‍ പുഷ്പോത്സവം നടത്താൻ കഴിയുമെന്നും സ്പീക്കർ പറഞ്ഞു.
40 ഓളം ഇനം ശുദ്ധ ജല സസ്യങ്ങള്‍ ഉപയോഗിച്ച് അക്വേറിയത്തിന്റെ മാതൃകയിലുള്ള ഡിസ്‌പ്ലേയാണ് പുഷ്പോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. കൃഷി വകുപ്പ്, ആറളം ഫാം, കരിമ്ബം ഫാം, ബി എസ് എന്‍ എല്‍, അനെര്‍ട്ട്, റെയിഡ്‌കോ, സ്വകാര്യ നഴ്സറി സ്ഥാപനങ്ങള്‍ എന്നിവയുടെ പവലിയനുകള്‍, ജൈവ വളം, ജൈവ കീടനാശിനികള്‍, പൂച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും പുഷ്‌പോത്സവ നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫുഡ് കോര്‍ട്ടും, കുട്ടികള്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കും, സെല്‍ഫി പോയിന്റും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും നഴ്സറികളുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകളാണ് മേളയിലുള്ളത്. ചെടികള്‍, ഫലവൃക്ഷത്തൈകള്‍, മറ്റു നടീല്‍ വസ്തുക്കള്‍, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ ലഭിക്കും. സെമിനാറുകള്‍, കുട്ടി കര്‍ഷക സംഗമം, ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കല്‍, സംസ്ഥാന കലോത്സവ വിജയികളെ ആദരിക്കല്‍, കാർഷിക മേഖലയിലെ മൂല്യവര്‍ധിത സംരംഭങ്ങള്‍ നടത്തുന്നവരുമായുള്ള സംവാദം, ബഡ്സ് സ്‌കൂള്‍ കുട്ടികളുടെ കലാമേള എന്നിവയും വിവിധ ദിവസങ്ങളായി നടക്കും. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസ്സിന് താഴെയുള്ളവര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യമാണ്.
ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഡിസ്‌പ്ലേ മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ജേതാവായ കര്‍ഷകന്‍ സത്യനാരായണ ബേളേരിയെ സ്പീക്കർ ആദരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനർ വി പി കിരണ്‍, പ്രിൻസിപ്പല്‍ കൃഷി ഓഫീസർ ബി കെ അനില്‍, കണ്‍വീനർ ഡോ കെ സി വത്സല എന്നിവർ പങ്കെടുത്തു. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കൊല്ലം ഷാഫിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി. പുഷ്പോത്സവം 19ന് സമാപിക്കും.
Post a Comment