ശ്രദ്ധിക്കുക: എസ് ബി ഐ യോനോ ആപിലെ റിവാര്‍ഡ് മുതല്‍ മുതല്‍ ഫേസ്ബുകിലെ പണം സമ്മാനം വരെ; ഇരയാക്കാൻ സജീവമായി തട്ടിപ്പുകാര്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍!

കണ്ണൂർ:എസ് ബി ഐ യോനോ ആപ്പിന്റെ പേരില്‍ തട്ടിപ്പ് തുടരുന്നു. ഇരയാകുന്നവരുടെ എണ്ണം കോടി വരികയാണ്.

ഏറ്റവും ഒടുവിലായി കണ്ണൂർ ചക്കരക്കല്‍ സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ 9,450 രൂപയാണ് നഷ്ടമായത്. എസ് ബി ഐ യോനോ റിവാർഡ് പോയിന്റ് നേടാമെന്ന് ഫോണില്‍ സന്ദേശം വരികയും അതില്‍ നല്‍കിയ ലിങ്കില്‍ പ്രവേശിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയതിനെതുടർന്ന് പണം നഷ്ടമാവുകയായിരുന്നു.
മറ്റ് രണ്ട് പരാതികളിലായി പണം ഇരട്ടിപ്പിക്കാമെന്ന വ്യജ വാഗ്ദാനത്തില്‍ വിശ്വസിച്ച്‌ 3,000 രൂപ ഡെപ്പോസിറ്റ് ചെയ്‌ത മയ്യില്‍ സ്വദേശിക്കും ഫേസ്ബുക്ക് പണം സമ്മാനം നല്‍കുന്നുണ്ടെന്ന പരസ്യം കണ്ടു വിശ്വസിച്ച്‌ പരസ്യത്തില്‍ കണ്ട ലിങ്കില്‍ പ്രവേശിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയതിനെതുടർന്ന് പാപ്പിനിശ്ശേരിയിലെ യുവാവിന് 4,977 രൂപയും നഷ്ടമായി.
ജാഗ്രത പുലർത്തുക
ഇൻസ്റ്റഗ്രാം, ടെലെഗ്രാം, ഫേസ്ബുക്ക്, വാട്സ്‌ആപ്പ് തുടങ്ങിയ ഓണ്‍ലൈൻ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നയാളുകള്‍ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച്‌ പണം നല്‍കുകയോ അതിനുവേണ്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുതെന്ന് പൊലീസ് ഉണർത്തി.
ഇത്തരത്തിലുള്ള മെസ്സേജുകളും ലിങ്കുകളും നിങ്ങള്‍ക്ക് ലഭിക്കുകയാണെകില്‍ പൂർണമായും നിരസിക്കുക. ഓണ്‍ലൈൻ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെങ്കില്‍ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെല്‍പ്പ് ലൈൻ നമ്ബറായ 1930 തില്‍ വിളിച്ച്‌ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെകില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www(dot)cybercrime(dot)gov(dot)in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാനാവും. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരാതി നല്‍കാൻ ശ്രമിക്കുക.

Post a Comment

Previous Post Next Post