തലശ്ശേരി: നീണ്ട കാത്തിരിപ്പിനൊടുവില്‍ തലശ്ശേരി മാഹി ബൈപ്പാസ് ഉത്ഘാടനത്തിന് ഒരുങ്ങുന്നു. മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്.
മാഹി റെയില്‍വേ മേല്‍പ്പാലത്തിന്‍റേയും ടോള്‍ ബൂത്തിന്‍റേയും ജോലികള്‍ അവസാന ഘട്ടത്തിലാണ്. മാഹിയും തലശ്ശേരിയും കഴിഞ്ഞ് മുഴപ്പിലങ്ങാടിനുമിടയില്‍ അഴിയാക്കുരുക്കിന്‍റെ നാളുകള്‍ അവസാനിക്കുകയാണ്.
46 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയപാതാ ബൈപ്പാസ് യാഥാർത്ഥ്യമാവുകയാണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോ മീറ്റർ പാതയാണ്.1977ല്‍ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയാണിത്. ഇഴഞ്ഞിഴഞ്ഞ് ഒടുവില്‍ നിർമാണം തുടങ്ങിയത് 2018ലാണ്. പദ്ധതിക്കായി ഏറ്റെടുത്തത് 85.52 ഏക്കർ. 45 മീറ്റർ വീതിയില്‍ ആറ് വരിപ്പാതയാണ് ഒരുങ്ങിയത്. 20 മിനിറ്റ് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരെത്താം. ആകെ നിർമാണച്ചെലവ് 1300 കോടിയാണ്. അഞ്ചര മീറ്റർ വീതിയില്‍ ഇരുഭാഗത്തും സർവീസ് റോഡുണ്ട്.
ബൈപ്പാസില്‍ നാല് വലിയ പാലങ്ങള്‍. 21 അടിപ്പാതകള്‍. ധർമടം,തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി, അഴിയൂർ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. വടക്കൻ കേരളത്തിന്‍റെ കുരുക്കുകളിലൊന്ന് തീരുകയാണ്. ദേശീയപാത കൂടി വേഗത്തിലായാല്‍ ഇനി സുഖയാത്ര.

Post a Comment