ഫെബ്രുവരിയിലെ ആദ്യ 21ദിനം, 25 വര്‍ഷത്തെ ഉയര്‍ന്ന താപനില

കണ്ണൂര്‍: 2024 ഫെബ്രുവരിയിലെ ആദ്യ 21 ദിവസങ്ങളിലെ ഉയര്‍ന്ന താപനിലയുടെ ശരാശരി നോക്കിയാല്‍ 25 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന താപനില.
ഈ വര്‍ഷം (34.8 ഡിഗ്രി), തൊട്ട് പിറകെ 2016 (34.6), 2020 (34.5). ഫെബ്രുവരി ഒന്നു മുതല്‍ 21വരെ രേഖപ്പെടുത്തിയ 25 വര്‍ഷത്തെ ഉയര്‍ന്ന താപനിലയുടെ കണക്ക് പരിശോധിച്ചാല്‍ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 2010ലാണ്. അന്ന് 39.2 ഡിഗ്രി പുനലൂരില്‍ അനുഭവപ്പെട്ടു. 2016ല്‍ കണ്ണൂര്‍ നഗരത്തില്‍ 38.8 ഡിഗ്രി രേഖപ്പെടുത്തി.

ഈ വര്‍ഷം ഫെബ്രുവരിയിലെ ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തിയ 37.8 ഡിഗ്രി ആണ്. കേരളത്തില്‍ നിന്ന് ചൂട് പതിയെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെക്കോഡ് പ്രകാരം രാജ്യത്തെ ഉയര്‍ന്ന താപനില രണ്ടുദിവസമായി ആന്ധ്രാപ്രാദേശില്‍ രേഖപ്പെടുത്തി (കടപ്പ 38.4 ഡിഗ്രി). കേരളത്തില്‍ പുനലൂര്‍ (37.8). കര്‍ണാടക, തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലും താപനില ഉയരുന്നു.

ജനുവരി അവസാനം മുതല്‍ രാജ്യത്ത് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ സംസ്ഥാനം കേരളമായിരുന്നു. ഇപ്പോള്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് കേരളം പുറത്തായി. അതേസമയം കേരളത്തില്‍ രണ്ടുദിവസത്തിനകം ചൂടിന്റെ കാഠിന്യം കുറഞ്ഞ തുടങ്ങാനാണ് സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. കാറ്റിന്റെ ഗതിയില്‍ ഉണ്ടാകുന്ന മാറ്റം മൂലമാണിതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കൊടുംചൂടിന് ഇതുമൂലം താല്‍ക്കാലിക ശമനം ലഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

നാളെ കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും (സാധാരണയേക്കാള്‍ രണ്ട്, മൂന്ന് ഡിഗ്രി കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post