വിനോദസഞ്ചാര വികസനവഴിയിൽ കുട്ടിപ്പുല്ല് - റോഡ് വികസനം, റിസോർട്ടുകളുടെ നിർമാണം തുടങ്ങിയവ അടുത്ത മാസത്തോടെ പൂർത്തിയാകും



ആലക്കോട് : നടുവിൽ പഞ്ചായത്തിലെ കുട്ടിപ്പുല്ലിൽ വിനോദസഞ്ചാര വികസന പദ്ധതികൾ പ്രതീക്ഷയേകുന്നു. മൂന്നുവർഷത്തിനിടെ 450 കർഷകകുടുംബങ്ങളിൽ 150-ലധികം കുടുംബങ്ങൾ കുടിയിറങ്ങിയ പാത്തൻപാറ മേഖലയിൽ ഉൾപ്പെട്ട പ്രദേശമാണിത്.

ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം ഡെസ്റ്റിനേഷൻ എന്ന സംസ്ഥാന സർക്കാർ പദ്ധതിയിലുൾപ്പെടുത്തിയാണ് കുട്ടിപ്പുല്ലിന്റെ വിനോദസഞ്ചാരവികസനം. പദ്ധതി പൂർത്തീകരണത്തോടടുക്കുകയാണ്.


റോഡ് വികസനം, റിസോർട്ടുകളുടെ നിർമാണം തുടങ്ങിയവ അടുത്ത മാസത്തോടെ പൂർത്തിയാകും. ഇതിനിടെ പാത്തൻപാറ മേഖലയിൽ സ്വകാര്യ സംരംഭങ്ങളായി 20-ഓളം റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും നിർമാണം പുരോഗമിക്കുകയാണ്. ഇവയെല്ലാം പൂർത്തിയായാൽ നൂറിലധികം കുടുംബങ്ങക്ക് ജോലിസാധ്യതയുമുണ്ടാകും.


കാർഷിക വിളകളുടെ രോഗബാധ, വിലയിടിവ്, കാട്ടുപന്നി, കുരങ്ങ് ശല്യം തുടങ്ങിയവ കാരണം പ്രദേശത്തെ നിരവധി പേരാണ് ഭുമി വിറ്റും വിൽക്കാനാകാതെ ഉപേക്ഷിച്ചും കുടിയിറങ്ങിയത്.


സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് നാട്ടുകാർ കാടുതെളിച്ച് ടൂറിസം പദ്ധതികളുടെ നിർമാണം തുടങ്ങിയതോടെ വന്യമൃഗശല്യം കുറഞ്ഞു. തൊഴിലവസരവുമുണ്ടായി. ഇതോടെ കുടിയിറങ്ങിയവരിൽ പലരും തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.


രണ്ട് ഘട്ടങ്ങൾ


പഞ്ചായത്ത് സമർപ്പിച്ച പദ്ധതികളിൽ, ആദ്യഘട്ടത്തിൽ 83 ലക്ഷം രൂപയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതിയും നിർമാണാനുമതിയും ലഭിച്ചത്. ആദ്യഘട്ടത്തിൽ പാർക്കിനും വിനോദസഞ്ചാരികളുടെ താമസസൗകര്യത്തിനും വേണ്ടി രണ്ട് കോട്ടേജുകളും വിശ്രമമുറികളുമാണ് പണിയുന്നത്.


ഇതോടൊപ്പം പാർക്കിങ് ഏരിയ, സ്വിമ്മിങ് പൂൾ, മിനി ആംഫി തിയേറ്റർ. റസ്റ്ററന്റ്, റിസപ്ഷൻ ഏരിയ തുടങ്ങി അനുബന്ധ വികസന പദ്ധതികളും നടപ്പാക്കുന്നുണ്ട്.


രണ്ടാംഘട്ടത്തിൽ മൂന്ന് കോട്ടേജുകൾ, ജിം, മിനി ബാഡ്മിന്റൺ കോർട്ട്, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, വൈഫൈ സോൺ തുടങ്ങിയവയും നിർമിക്കും. പാർക്ക് ഒരുക്കുന്നതിന്റെ്റെ ഭാഗമായി റോഡുകളുടെ സൗന്ദര്യവത്കരണം, വഴിയോര ലൈറ്റുകൾ, പാർക്കിങ്ങിനുള്ള കെട്ടിടനിർമാണം എന്നിവ നടത്തും. പ്രകൃതിക്ക് കോട്ടംതട്ടാതെയായിരിക്കും നിർമാണം.


ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കും


സമീപപ്രദേശങ്ങളിലെ പാലക്കയം തട്ട്, പൈതൽമല, മഞ്ഞപ്പുല്ല് വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സമഗ്രമായ വികസന പദ്ധതികൾ നടപ്പാക്കും.


പൈതൽമലയുടെ കവരപ്ലാവ്, മുന്നൂർകൊച്ചി ഭാഗങ്ങളിൽനിന്നുള്ള കാഴ്‌ച ഏറ്റവും മനോഹരമാണ്. നാട്ടുകാരുടെ ഒറ്റക്കെട്ടായ സഹകരണം കുട്ടിപ്പുല്ല് പദ്ധതികൾക്ക് പിൻബലമേകും. ടൂറിസം പദ്ധതികൾ യാഥാർഥ്യമായതോടെ ഈ പ്രദേശത്ത് ഭൂമിയുടെ വില പെട്ടെന്ന് വർധിച്ചു.


Post a Comment

Previous Post Next Post