ഇതു താൻടാ മലയാളി; കുട്ടി ക്ഷീര കര്‍ഷകനെ നെഞ്ചേറ്റി നാട്

 


തൊടുപുഴ: സഹജീവികളെ ദുരിതകാലത്ത് ഒറ്റക്കെട്ടായി ചേര്‍ത്ത് പിടിക്കുന്ന മലയാളിയുടെ മഹാമനസിന്റെ മകുടോദാഹരണമായി മാറുകയാണ് വെള്ളിയാമറ്റം കിഴക്കേപ്പറമ്ബില്‍ കുടുംബത്തിലേക്ക് ഇപ്പോഴുമെത്തുന്ന സഹായപ്രവാഹം.


സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കുട്ടി ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ മാത്യു ബെന്നിയുടെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തെന്ന വാര്‍ത്ത പുതുവര്‍ഷത്തില്‍ പുറത്ത് വന്നതുമുതല്‍ തുടങ്ങിയതാണ് സ്നേഹവായ്പ്പ്. ചിലര്‍ പണമായും ചില പശുക്കളായും സഹായം നല്‍കി.


ഇതില്‍ നടന്മാരായ ജയറാം, മമ്മൂട്ടി, പൃഥിരാജ്, മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, ലുലു ഗ്രൂപ്പ്, പി.ജെ. ജോസഫ് എം.എല്‍.എ, ഡീൻ കുര്യാക്കോസ് എം.പി എന്നിവര്‍ സഹായിച്ച പ്രമുഖരില്‍ ചിലര്‍ മാത്രമാണ്. അതിനൊന്നും സാധിക്കാത്തവര്‍ മാത്യുവിനെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളെ പോലെ കണ്ടിരുന്ന തന്റെ പൊന്നോമനകള്‍ നഷ്ടപ്പെട്ട വേദനയിലും അവനും കുടുംബത്തിനും അത് വലിയ ആശ്വാസമായി. നേരിട്ടെത്തിയും ഫോണിലൂടെയും ആശ്വസിപ്പിച്ചവര്‍ക്കും സാമ്ബത്തിക സഹായം നല്‍കിയവര്‍ക്കുമെല്ലാം തിരികെ നല്‍കാൻ നന്ദി മാത്രമാണ് ഈ 15കാരന്റെയും കുടുംബത്തിന്റെയും കൈവശമുള്ളത്. ഞായറാഴ്ച രാത്രിയും തിങ്കള്‍ പുലര്‍ച്ചെയുമായാണ് കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ 15കാരന്റെ ഫാമിലെ 22 പശുക്കളില്‍ 13 എണ്ണവും ചത്തത്. മരച്ചീനി തൊലി ഭക്ഷണമായി കൊടുത്തതാണ് ചാകാൻ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഴുവൻ പശുക്കളെയും ഇൻഷ്വര്‍ ചെയ്യാൻ വലിയ തുക വേണ്ടി വരുന്നതിനാല്‍ ഇവര്‍ ഇൻഷ്വറൻസ് എടുത്തിരുന്നില്ല. 60,000 രൂപ വിലയുള്ള ഒരു പശുവിനെ ഇൻഷ്വര്‍ ചെയ്യാൻ 4000 രൂപയോളം വേണ്ടിവരും. ഇതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.


2020 ഒക്ടോബറില്‍ ക്ഷീരകര്‍ഷകനായ പിതാവ് ബെന്നിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പശുക്കളുടെ പരിപാലനച്ചുമതല ഏറ്റെടുത്ത വിദ്യാര്‍ത്ഥിയായ മാത്യുവിന്റെ ജീവിതം കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശുക്കള്‍ക്കൊപ്പം കുടുംബത്തിന്റെ ഭാരവും മാത്യു ഏറ്റെടുക്കുകയായിരുന്നു. സ്‌കൂളിലല്ലാത്ത സമയങ്ങളില്‍ എല്ലാം മാത്യു ബെന്നിയുടെ ജീവിതം ഈ പശുക്കള്‍ക്കിടയിലാണ്. അമ്മ ഷൈനിയും സഹോദരങ്ങളായ ജോര്‍ജും റോസ്‌മേരിയും മാത്യുവിനെ സഹായിക്കാനുണ്ട്.


അഞ്ച് പശുക്കളെ സൗജന്യമായി നല്‍കും


വെള്ളിയാമറ്റം: മാത്യുവിനും കുടുംബത്തിനുമായി അഞ്ച് നല്ലയിനം പശുക്കളെ ഒരാഴ്ചയ്ക്കകം സൗജന്യമായി നല്‍കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മൂലമറ്റം വെള്ളിയാമറ്റത്ത് കപ്പത്തൊലി കഴിച്ച്‌ 13 പശുക്കള്‍ മരണപ്പെട്ട മാത്യു ബെന്നിയുടെ വീട്ടിലെത്തിയതായിരുന്നു മന്ത്രി. മറ്റുള്ള പശുക്കള്‍ക്ക് പകരം ദുരന്തനിവാരണ പദ്ധതിപ്രകാരമുള്ള തുക അനുവദിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മില്‍മ നല്‍കുന്ന 45,000 രൂപയും പശുക്കളെ കൈമാറുന്നതിനൊപ്പം നല്‍കും. വകുപ്പ് നല്‍കുന്ന അഞ്ച് പശുക്കള്‍ക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഒരു പശു മരണപ്പെട്ടാല്‍ ഒരുലക്ഷത്തിന്റെയാണെങ്കില്‍ അത് മുഴുവനും തിരികെ ലഭിക്കും. കെ.എല്‍.ഡി.ബി ബോര്‍ഡില്‍നിന്നാകും പശുക്കളെ നല്‍കുക. ഒരുമാസത്തെ കാലിത്തീറ്റയും നല്‍കും. ബാക്കി ഫണ്ട് സര്‍ക്കാര്‍ നേരിട്ട് നല്‍കും. ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


എം.പി 20,000 രൂപയുടെ ചെക്ക് കൈമാറി


തൊടുപുഴ: മാത്യു ബെന്നിക്ക് ഡീൻ കുര്യാക്കോസ് എം.പി ചെയര്‍മാനായിട്ടുള്ള ഇടുക്കി കെയര്‍ ഫൗണ്ടേഷന്റെ 20,000 രൂപയുടെ ചെക്ക് കൈമാറി.


മറ്ര് പശുക്കള്‍ അപകടനില തരണം ചെയ്തു


തൊടുപുഴ: കപ്പത്തൊലി ഭക്ഷിച്ച്‌ ഗുരുതരാവസ്ഥയിലായി ചികിത്സയിലിരുന്ന മറ്റ് പശുക്കള്‍ അപകടനില തരണം ചെയ്തതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരു കറവപ്പശുവും രണ്ട് കിടാക്കളും രണ്ട് മൂരിയും നാല് കുഞ്ഞിക്കിടാങ്ങളുമാണ് ബാക്കിയുള്ളത്. ഇതില്‍ ശാരീരിക അവശത കാണിക്കുന്ന ഒരു കറവപശുവിനും കിടാവിനും ചികിത്സ തുടരുകയാണ്. കിടാവിന്റെ കൈയിലെ ഞെരമ്ബിന് ബലക്ഷയമുണ്ട് (നെര്‍വ് പരാലിസിസ്). വിഷബാധയേറ്റ് വീണപ്പോള്‍ കൈ തുടര്‍ച്ചായായി നിലത്തടിപ്പോള്‍ പറ്റിയതാകാമെന്നാണ് നിഗമനമെന്ന് അധികൃതര്‍ പറഞ്ഞു. തീറ്റയെടുക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നവ ക്രമേണ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരും. നിലവില്‍ വിഷാംശം ശരീരത്തില്‍ അവശേഷിക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് മാത്യു ബെന്നിക്ക് ശാസ്ത്രീയമായ പശുവളര്‍ത്തലില്‍ പരിശീലനം നല്‍കും. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജെസ്സി സി കാപ്പൻ, പി.ആര്‍.ഒ നിശാന്ത് എം. പ്രഭ, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. സാനി തോമസ്, അസിസ്റ്റന്റ് പ്രോജക്‌ട് ഓഫീസര്‍ ഡോ. ബിജു ജെ. ചെമ്ബരത്തി, വെറ്ററിനറി സര്‍ജന്മാരായ ഡോ. കെ പി ഗദ്ദാഫി, ഡോ. പാര്‍വതി, എമര്‍ജൻസി വെറ്ററിനറി സര്‍ജന്മാരായ ആനന്ദ് യു കൃഷ്ണ, ഡോ. ടി.പി. ശരത്ത് എന്നിവര്‍ ഇന്നലെയും സ്ഥലത്തെത്തി പശുക്കളുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിച്ചു.


സഹായവുമായി നടൻ ജയറാം


മൂലമറ്റം: ഭക്ഷ്യവിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത കുട്ടികര്‍ഷകന്റെ വീട്ടില്‍ നടൻ ജയറാം സഹായവുമായെത്തി. വെള്ളിയാമറ്റം കിഴക്കേപ്പറമ്ബില്‍ മാത്യു ബെന്നിയുടെ വീട്ടിലാണ് ഇന്നലെ രാവിലെ 11 മണിയോാടെ നടൻ ജയറാം എത്തിയത്. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുബാംഗങ്ങള്‍ക്ക് അദ്ദേഹം കൈമാറി. പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വെച്ചിരുന്ന തുകയാണ് പരിപാടി റദ്ദാക്കി കുട്ടി കര്‍ഷകന് നല്‍കിയത്. 2005, 2012 വര്‍ഷങ്ങളില്‍ ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചയാളാണ് താനെന്ന് ജയറാം പറഞ്ഞു. മാത്യു ബെന്നിയുടെ പശുക്കള്‍ ചത്തതുപോലെ സമാനമായ സംഭവം താനും നേരിട്ടിട്ടുണ്ട്. തന്റെ 24 പശുക്കളാണ് ആറ് വര്‍ഷം മുമ്ബ് ചത്തത്. ഒരു ദിവസം ഏതാനും സമയങ്ങള്‍ക്ക് ഉള്ളിലാണ് ദുരന്തം സംഭവിച്ചത്. അന്ന് താൻ നിലത്തിരുന്ന് കരയുകയായിരുന്നു. 24 പശുക്കളേയും വലിയ കുഴിയെടുത്ത് സംസ്‌കരിച്ചപ്പോള്‍ ഉണ്ടായതുപോലെയുള്ള വിഷമം പിന്നീട് താൻ നേരിട്ടിട്ടില്ല. തന്റെ മുൻകാല അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടി കര്‍ഷകനെ ആശ്വസിപ്പിക്കുവാൻ ആണ് ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുടുബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ പശു ഫാം സന്ദര്‍ശിച്ചതിന് ശേഷമാണ് ജയറാം മടങ്ങിയത്. ജില്ലാ പഞ്ചായത്ത് മെമ്ബര്‍ പ്രൊഫ. എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം എം. മോനിച്ചൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. നടൻ ജയറം വരുന്നതറിഞ്ഞ് പ്രദേശവാസികളായ നൂറുകണക്കിന് പേര്‍ മാത്യു ബെന്നിയുടെ വീട്ടിലെത്തി.

Post a Comment

Previous Post Next Post