ക്രിസ്തുമസിനും ന്യൂയറിനും വീടുകളില്‍ കേക്ക് ഉണ്ടാക്കി വില്‍ക്കുന്നവര്‍ സൂക്ഷിച്ചോളൂ; ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലെങ്കില്‍ നടപടി ഉണ്ടാകും

 


ക്രിസ്തുമസിനും ന്യൂയറിനും ഒക്കെ കേക്ക് ഉണ്ടാക്കി വില്‍പ്പന നടത്തുന്നവര്‍ സൂക്ഷിച്ചോളൂ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെയാണ് നിങ്ങള്‍ കേക്ക് ഉണ്ടാക്കി വില്‍ക്കുന്നത് എങ്കില്‍ നിങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കും.

ഇത്തരത്തില്‍ സുരക്ഷ ലൈസൻസ് ഇല്ലാതെ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നത് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം സെക്ഷൻ 63 പ്രകാരം 10 ലക്ഷം രൂപ വരെ പിഴച്ചുമത്താവുന്ന കുറ്റമാണ്. ആയതിനാല്‍ വീടുകളിലും മറ്റും കേക്കും ഭക്ഷ്യവസ്തുക്കളും നിര്‍മ്മിച്ച വില്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള രജിസ്ട്രേഷൻ നിര്‍ബന്ധമാണെന്നും ഇല്ലാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ അസി കമ്മീഷണര്‍ എ സക്കീര്‍ ഹുസൈൻ അറിയിച്ചു.


കേക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഫുഡ് അഡിറ്റീവുകള്‍ നിയമപരമാണെന്ന് ഉത്പാദകര്‍ ഉറപ്പുവരുത്തണമെന്നും ചെറുകിട ഉത്പാദകര്‍ക്ക് സ്വമേധയാ രജിസ്ട്രേഷൻ എടുത്ത് നിയമ നടപടിയില്‍ നിന്ന് ഒഴിവാകാൻ കഴിയും എന്നും അസി കമ്മീഷണര്‍ അറിയിച്ചു. പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ ഉപഭോക്താക്കള്‍ വാങ്ങുമ്ബോള്‍ ലേബല്‍ വിവരങ്ങള്‍ ഉള്ളതും കാലാവധി രേഖപ്പെടുത്തിയതുമായ ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും ഒരു കിലോ കേക്കില്‍ ഒരു ഗ്രാമില്‍ കൂടുതല്‍ ബെൻസോയിക് ആസിഡ് ഓര്‍ബിക്കാസിഡ് തുടങ്ങിയ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.


ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം വഴിയോര കടകള്‍, ഉന്തുവണ്ടിയില്‍ കൊണ്ടുനടന്നുള്ള വില്‍പ്പന, തെരുവ് കച്ചവടക്കാര്‍, പിക്കപ്പ് ഓട്ടോയിലും മറ്റുമുള്ള മത്സ്യകച്ചവടം നടത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം രജിസ്ട്രേഷൻ/ ലൈസൻസ് നിര്‍ബന്ധമാണ് എന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.


ഒരു വര്‍ഷത്തേക്ക് 100 രൂപ മാത്രമാണ് ഭക്ഷണസാധനങ്ങള്‍ നിര്‍മ്മിച്ച വില്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള റജിസ്ട്രേഷൻ ലഭിക്കുന്നതിന് ഫീസായി ഈടാക്കുന്നത്. അഞ്ചുവര്‍ഷം കാലാവധി യുള്ള റജിസ്ട്രേഷൻ 500 രൂപ ഒരുമിച്ച അടച്ച്‌ എടുക്കുവാനും സൗകര്യം ഉണ്ട്.


FoSCoS എന്ന പോര്‍ട്ടല്‍ വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ ആധാറും ഫോട്ടോയും രേഖയായി സമര്‍പ്പിച്ച്‌ അപേക്ഷ നല്‍കിയാല്‍ 7 ദിവസത്തിനുള്ളില്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈൻ ആയി ലഭ്യമാകും.

Post a Comment

Previous Post Next Post