കൊല്ലം: പൂര്‍ണ വളര്‍ച്ചയെത്തിയ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ മാതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
പുത്തൂര്‍ കാരിക്കല്‍ കൊല്ലരഴികത്ത് വീട്ടില്‍ അമ്ബിളി(29)ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷനല്‍ സെഷൻസ് ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട നവജാതശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കുറ്റത്തിന് ഒരു വര്‍ഷം കഠിനതടവിന് കൂടി ശിക്ഷിച്ചിട്ടുണ്ട്. ഭര്‍ത്താവായ മഹേഷിനെ വെറുതെ വിട്ടു.
2018 ഏപ്രില്‍ 17-നാണ് കൊല്ലം പവിത്രേശ്വരം ഗുരുനാഥൻനട ക്ഷേത്രത്തിന് സമീപം പാങ്ങോട്ട് പുരയിടത്തില്‍ തെരുവുനായ്ക്കള്‍ കടിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ മുറിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു. പ്രദേശവാസികളുടെയും ആശാവര്‍ക്കറുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അമ്ബിളിയും ഭര്‍ത്താവ് മഹേഷും അറസ്റ്റിലായത്.
പ്രോസിക്യൂഷന് സഹായിയായി പ്രവര്‍ത്തിച്ചത് വനിത സി.പി.ഒ ദീപ്തി ആയിരുന്നു. പുത്തൂര്‍ എസ്.ഐ ആയിരുന്ന ഡി. ദീപു രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസില്‍ തുടര്‍ന്ന്, അന്വേഷണചുമതല സ്റ്റേഷൻ ഇൻസ്പെക്ടര്‍മാരായ ഒ.എ. സുനില്‍കുമാര്‍, ആര്‍. രതീഷ് കുമാര്‍, ടി. വിജയകുമാര്‍ എന്നിവര്‍ക്കായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കല്‍ ഹാജരായി.

Post a Comment