കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുഞ്ഞിനെ ലാപ്ടോപ്പിൽ കാണിച്ച കാർട്ടൂൺ വീഡിയോയും നിർണായകമായി. തട്ടിക്കൊണ്ടുപോയ ദിവസം തങ്ങിയ, വലിയ വീട്ടിൽവെച്ചുതന്നെ കാർട്ടൂൺ വീഡിയോ കാണിച്ചതായി കുഞ്ഞ് മൊഴി നൽകിയിരുന്നു. ഏതു കാർട്ടൂണാണ് കാണിച്ചത്, കാണിച്ച സമയം, തുടങ്ങിയ വിവരങ്ങൾ പോലീസ് സംഘം ആറുവയസ്സുകാരിയിൽനിന്ന് തേടിയിരുന്നു. 27-ന് രാത്രി ഈ കാർട്ടൂൺ കണ്ട കംപ്യൂട്ടറുകൾ സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് തേടി. ഫലം വന്നപ്പോൾ പദ്മകുമാറിന്റെ വീട്ടിലെ ലാപ്ടോപ്പിൽനിന്നാണ് കുട്ടി കാർട്ടൂൺ കണ്ടതെന്ന വിവരം ലഭിച്ചതായാണ് സൂചന.
കുട്ടിയെ കൊല്ലം നഗരത്തിലെത്തിച്ച നീലനിറത്തിലുള്ള കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണായകമായി. തൊട്ടടുത്ത വീട്ടിലേക്ക് ട്യൂഷനു പോയ കുട്ടിയെ 27-ന് വൈകീട്ടാണ് വെള്ള കാറിൽ എത്തിയ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയത്. രാത്രി എവിടെയോ പാർപ്പിച്ചശേഷം പിറ്റേന്ന് നീലനിറത്തിലുള്ള കാറിൽ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി.
കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും പ്രതികളിലേക്ക് എത്താൻ സഹായിച്ചു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന പദ്മകുമാർ, സമീപകാലത്തായി പ്രതിസന്ധിയിലാണെന്ന സൂചനയും പോലീസ് നൽകുന്നുണ്ട്. ഒരു കാർ കണ്ടെടുത്ത വർക്കല അയിരൂരിൽനിന്നുള്ളയാളുടെ മൊഴിയും നിർണായകമായി. പ്രതികളുടെ രേഖാചിത്രം ശ്രദ്ധയിൽപ്പെട്ട അയിരൂർ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ച് പോലീസിനു വിവരം നൽകിയിരുന്നതായും സൂചനയുണ്ട്. ഫെയ്സ്ബുക്കിലെ ചിത്രങ്ങളിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. രേഖാചിത്രം പുറത്തുവന്ന സമയംമുതൽ കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികൾ.

Post a Comment