കണ്ണൂരിലെ കോവിഡ് മരണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ തീരുമാനം

കണ്ണൂര്‍ :പാനൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ച പശ്ചാത്തലത്തില്‍ മേഖലയില്‍ കോവിഡിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താൻ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന് അടിയന്തരയോഗം തീരുമാനിച്ചു.


കെ.പി. മോഹനൻ എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. കോവിഡിനെതിരെ ഭയമല്ല, ജാഗ്രതയാണ് ആവശ്യമെന്ന് യോഗം വിലയിരുത്തി. 

മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കണമെന്ന് എം എല്‍ എ പറഞ്ഞു. കോവിഡ് അടിയന്തിര യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ നസീല കണ്ടിയില്‍ അധ്യക്ഷത വഹിച്ചു. 

നഗരസഭാ ചെയര്‍മാൻ വി.നാസര്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ പി.കെ.പ്രവീണ്‍, കെ.കെ.സുധീര്‍ കുമാര്‍, താലൂക്ക് ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.അനില്‍കുമാര്‍, ഹെല്‍ത്ത് സൂപ്രവൈസര്‍ സി.പി.രാജൻ, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ലതിഷാഭായ്, ഹെല്‍ത്ത് നേഴ്സ് കെ.ശാന്തകുമാരി, നഗരസഭാ ഹെല്‍ത്ത് സൂപ്രവൈസര്‍ ശശി നടുവിലക്കണ്ടി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

പനിയുള്ള ആളുകള്‍ ഐസോലേഷനില്‍ തുടരണം, കോവിഡ് പോസിറ്റീവായവര്‍ ക്വാറൻ്റയിനില്‍ കഴിയണം. മാസ്ക് - സാനിറ്റൈസര്‍ ഉപയോഗം നിര്‍ബന്ധമാക്കും. 

സാമൂഹിക അകലം പാലിക്കണം, അനാവശ്യമായ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക, ആളുകള്‍ കൂട്ടം കൂടി നില്‍ക്കാതിരിക്കുക, കോവിഡ് രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറൻ്റയിനില്‍ കഴിയുക, എല്ലാ വാര്‍ഡുകളിലും പനി സര്‍വേ നടത്തി റിപ്പോര്‍ട്ട് ചെയ്യുക, ആഘോഷ പരിപാടികളില്‍ ആളുകളുടെ എണ്ണം കുറയ്ക്കുക, വിവാഹം - ഉത്സവം തുടങ്ങിയ പരിപാടികള്‍ ആരോഗ്യ വിഭാഗത്തേയും നഗരസഭയേയും മുൻകൂട്ടി അറിയിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് അടിയന്തിര യോഗം കൈക്കൊണ്ടത്.

ആരോഗ്യ പ്രവര്‍ത്തകരോട് ജാഗ്രത പാലിക്കാൻ യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പനി കണ്ടെത്തിയ ആളുകളെ പ്രത്യേകം നിരീക്ഷണം നടത്താനും ക്വാറന്റൈനില്‍ തുടരാൻ നിര്‍ദ്ദേശിക്കാനും തീരുമാനിച്ചു. 

രോഗലക്ഷണമുള്ള പ്രായമായവരെ ആവശ്യമെങ്കില്‍ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാൻ ആവശ്യമായ നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു.

Post a Comment

Previous Post Next Post