പാലക്കാട്: മലമ്ബുഴ കൂര്‍മ്ബാച്ചിമലയില്‍ കുടുങ്ങിയതിലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ച ബാബു പോലീസ് പിടിയില്‍. കാനിക്കുളത്തെ ബന്ധുവീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. പോളിടെക്നിക്ക് കോളേജിന് സമീപമുള്ള ബന്ധുവീട്ടിലെത്തി ബഹളമുണ്ടാക്കിയ ബാബു വാതില്‍ ചവിട്ടിത്തുറന്ന് അകത്തേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തു. വീടിനകത്ത് കയറി സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ഗൃഹോപകരണങ്ങള്‍ തകരാറിലാക്കുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ചെയ്തു.
വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കസബാ പോലീസാണ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രശ്നത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. വൈദ്യപരിശോധനയ്ക്ക് ശേഷം ബാബുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
2022 ഫെബ്രുവരിയിലാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. മലകയറി തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് സൈന്യം, എൻ.ഡി.ആര്‍.എഫ്, കേരള ഫയര്‍ ആൻഡ് റെസ്ക്യു, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന തുടങ്ങി നിരവധി ഏജൻസികള്‍ സംയുക്തമായി നടത്തിയ 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനപ്രദേശത്തിന്റെ ഭാഗമായ മലയില്‍ കയറിയതിന് അന്ന് ബാബുവിനെതിരെ കേസെടുത്തിരുന്നു.

Post a Comment