ചെന്നൈ : പ്രളയക്കെടുതിയില്‍ നിന്ന് കരകയറാൻ തെക്കൻ തമിഴ്നാട്.കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച തിരുനെല്‍വേലി, തൂത്തുക്കൂടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ ഇന്ന് മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷ.എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ നൂറു കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
23 ട്രെയിനുകള്‍ ഇന്ന് പൂര്‍ണമായി റദ്ദാക്കി . കേരളത്തിലൂടെയുള്ള 3 ട്രെയിനുകളും റദ്ദാക്കിയവയിലുണ്ട്. 5 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. 13 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. 190 മൊബൈല്‍ മെഡിക്കല്‍ യുണിറ്റുകള്‍ സജ്ജമാണ്.
ശ്രീവൈകുണ്ഠത്ത് ട്രെയിനില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം എത്തിക്കാൻ ശ്രമവും തുടരുകയാണ്. ട്രെയിനിലെ 500 യാത്രക്കാരെ ഇതുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിട്ടില്ല. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒന്നര ദിവസം പിന്നിട്ടു. തിരുനെല്‍വേലി, തൂത്തുക്കൂടി ജില്ലകളില്‍ ഇന്ന് പൊതു അവധിയും തെങ്കാശി , കന്യാകുമാരി ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തില്‍ അടിയന്തര യോഗം വിളിച്ച് ഗവര്‍ണര്‍ ആര്‍.എൻ.രവി. കേന്ദ്ര ഏജൻസികളുടെയും സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥറുടെയും യോഗം രാവിലെ രാജ്ഭവനില്‍ ചേരും. കാശി തമിഴ് സംഗമത്തിനായി വാരാണസിയിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കിയതായും ഗവര്‍ണര്‍ അറിയിച്ചു. ഇന്ത്യ മുന്നണി യോഗത്തിനായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദില്ലിയിലേക്ക് പോയതിന് പിന്നാലെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേന്ദ്രസഹായം തേടി രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രിയെ സ്റ്റാലിൻ കാണുന്നുണ്ട്. ദില്ലിയില്‍ നിന്ന് വീഡിയോ കോണ്‍ഫറൻസിങ്ങിലൂടെ സ്റ്റാലിൻ സ്ഥിതി വിലയിരുത്തുന്ന ദൃശ്യങ്ങളും തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിട്ടു.

Post a Comment