കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ മുങ്ങി. കൊച്ചി കാക്കനാട് യൂറോ ഫ്‌ളൈ ഹോളിഡേയ്‌സ് ഉടമ പാലക്കാട് സ്വദേശി ഷംസീറിനായി അന്വേഷണം ആരംഭിച്ചു.
ന്യൂസീലൻഡിലേക്ക് പോകാന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയശേഷമാണ് പണം നല്‍കിയവര്‍ക്ക് തട്ടിപ്പ് മനസിലായത്.
ന്യൂസിലന്‍ഡില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്ബളത്തില്‍ ജോലി ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഓരോരുത്തരില്‍ നിന്നും 5 ലക്ഷം രൂപവീതം തട്ടിയെടുത്തെന്നാണ് പരാതി. 17 പേരടങ്ങുന്ന ആദ്യ സംഘത്തെ ഇന്നലെ ന്യൂസിലന്‍ഡിലേക്ക് കൊണ്ടുപോകുമെന്ന് ധരിപ്പിച്ച് വ്യാജ വിസിറ്റിംഗ് വിസയും വിമാന ടിക്കറ്റും നല്‍കിയശേഷമാണ് കാക്കനാട് യൂറോ ഫ്‌ലൈ ഹോളിഡേയ്‌സ് ഉടമ പാലക്കാട് സ്വദേശി ഷംസീര്‍ പണം കൈപ്പറ്റിയത്. ഇവര്‍ക്കെപ്പം ഷംസീറും ന്യൂസിലന്‍ഡിലേക്ക് വരുന്നുണ്ടന്നും പറഞ്ഞിരുന്നു. എന്നാല്‍ വിദേശത്തേക്ക് പോകാന്‍ തയാറായി എത്തിയവര്‍ ഷംസീറിനെ കാണാഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്.
നാളെ രാത്രി പുറപ്പെടാൻ നില്‍ക്കുന്ന 15 പേരില്‍ നിന്നും 5 ലക്ഷം രൂപ വീതം ഷംസീര്‍ തട്ടിയിട്ടുണ്ട്. തട്ടിപ്പിന് ഇരയായവര്‍ മിക്കവരും വീടും സ്വര്‍ണ്ണവും പണയപ്പെടുത്തിയാണ് ഷംസീറിന് പണം നല്‍കിയത്. തട്ടിപ്പിന് ഇരയായവര്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കി.
ഷംസീറിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിലെ 3 വനിത ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അവരും ഷംസീറിന്റെ തട്ടിപ്പിന് ഇരയായവരാണന്നാണ് പ്രാഥമിക നിഗമനം. സമൂഹമാധ്യമങ്ങളിലൂടെ സ്ഥാപനത്തിന്റെ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.

Post a Comment