ഡല്‍ഹി: ഡീപ്പ്ഫേക്കുകള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡീപ്പ്ഫേക്കുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ദിവസത്തിനുള്ളില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പടുവിക്കാനാണ് തീരുമാനം.
ഡീപ്പ്ഫേക്കുകള്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ആലോചിക്കുകയാണെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്പറഞ്ഞു. സാമൂഹികമാധ്യമ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡീപ്പ് ഫേക്കുകള്‍, കണ്ടെത്തുക, തടയുക, പരാതിയറിയിക്കല്‍ സംവിധാനം ശക്തിപ്പെടുത്തുക, ഉപഭോക്താക്കള്‍ക്കിടിയില്‍ ബോധവല്‍കരണം നടത്തുക തുടങ്ങിയ മേഖലകളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ആവശ്യമുണ്ടെന്ന് കമ്ബനികള്‍ സമ്മതിച്ചതായി മന്ത്രി പറഞ്ഞു.
പുതിയ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ജോലികള്‍ ഇന്ന് തന്നെ ആരംഭിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അവ തയ്യാറാവുമെന്നും അദ്ദേഹം പറഞ്ഞു. അത് ചിലപ്പോള്‍ നിലവിലുള്ള ചട്ടക്കൂടുകള്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ ആവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ ആദ്യ വാരം വീണ്ടും യോഗം ചേരും. ഇന്നത്തെ തീരുമാനങ്ങളുടെ തുടര്‍നടപടികള്‍ക്ക് വേണ്ടിയാണത്. കരട് റെഗുലേഷനില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഡീപ്പ്ഫേക്കുകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി. സര്‍ക്കാരും വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്ബനികളുമായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍മിക്കുക.
Post a Comment