കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും കെ എസ് ആര്‍ ടി സി ബസ് സര്‍വീസ്

 


കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ജനുവരിയില്‍ പുനരാരംഭിക്കാൻ തീരുമാനമായി.


കോവിഡ് ലോക്ഡൗണിന് മുൻപായി കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൗണുകളിലേക്കും കോഴിക്കോട്, മലപ്പുറംജില്ലകളിലേക്കും സര്‍വീസ് നടത്തിയിരുന്ന കെ. എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ യാത്രക്കാര്‍ കുറഞ്ഞതോടെയാണ് നിര്‍ത്തിയത്.


കൊവിഡിനു ശേഷം 2021- ഫെബ്രുവരി 13-ന് ആരംഭിച്ച കെ. എസ്. ആര്‍.ടി.സിയുടെ എ.സി ലോഫ്ളോര്‍ സര്‍ക്കുലര്‍ ബസ് ഒരുമാസം തികയും മുൻപെയാണ് സര്‍വീസ് അവസാനിപ്പിച്ചത്. യാത്രക്കാര്‍ കുറഞ്ഞതോടെയാണ് സര്‍വീസ് നിര്‍ത്താൻ കെ.എസ്.ആര്‍.ടി.സി.യെ നിര്‍ബന്ധിതമാക്കിയത്.


വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ എണ്ണവും നന്നെ കുറവായിരുന്നു.വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഈ ബസ് സര്‍വീസ് ആശ്രയമായിരുന്നു. തലശേരി, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും ഓരോബസ് വീതമാണ് സര്‍വീസ് നടത്തിയിരുന്നത്. ലോഫ്ളോര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുൻപ് വിമാനത്താവളത്തില്‍ നിന്നും മട്ടന്നൂര്‍ ടൗണ്‍, ഇരിട്ടി, കണ്ണൂര്‍ ടൗണുകളെ ബന്ധിപ്പിക്കുന്ന ഏക സര്‍വീസും അവസാനിപ്പിച്ചിരുന്നു.


എയര്‍ ഇന്ത്യാ എക്സ് പ്രസ് സര്‍വീസ്തിരുവനന്തപുരത്തേക്ക് ആരംഭിച്ചതോടെ വിമാനത്താവളത്തില്‍ സര്‍വീസുകളും യാത്രക്കാരും വര്‍ധിച്ച സാഹചര്യത്തിലാണ് കെ. എസ്. ആര്‍.ടി.സി ബസ് സര്‍വീസ് വീണ്ടും പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതുവിമാനത്താവളത്തിലറങ്ങുന്ന യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ യാത്രചെയ്യാൻ സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Post a Comment

Previous Post Next Post