എന്താണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ?


ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ വന്ന മാറ്റങ്ങള്‍/അതിലെ ചില പഴുതുകള്‍ ഉപയോഗപ്പെടുത്തി പത്തനംതിട്ട കോയമ്ബത്തൂര്‍ റൂട്ടില്‍ റോബിൻ ബസ് സര്‍വീസ് തുടങ്ങിയത് വൻ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.

എന്താണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ? ഇന്ത്യയില്‍ ഏതൊരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഒന്നോ അതില്‍ അധികമോ ടൂറിസ്റ്റുകളെ കൊണ്ടുപോകുവാൻ അനുവദിക്കുന്ന ഒരു പെര്‍മിറ്റ് ആണ് ഇത്. എല്ലാ സംസ്ഥാനത്തും ടാക്സ് അടക്കേണ്ട എന്ന ഒരു ഗുണമാണ് ബസ് ഉടമക്ക് ഇതിലൂടെ കിട്ടുന്നത്.

സെൻട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് പറയുന്ന ചില നിയമങ്ങള്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വണ്ടികള്‍ക്ക് ബാധകമല്ല എന്ന ഒരു പോയിന്റ് കണ്ടുകൊണ്ടാണ് ചിലര്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നതും വഴിനീളെ സ്റ്റാൻഡില്‍ കേറി ആളെ എടുത്ത് ഓടാൻ പറ്റും എന്നൊക്കെ വാദിക്കുന്നതും

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വണ്ടികള്‍ക്ക് സാദാ സ്റ്റേജ് കാര്യേജ് വണ്ടികള്‍ പോലെ ആളെ എടുത്ത് ഓടാൻ പറ്റില്ല.അതായത് ഓരോ ട്രിപ്പിലും മുൻകൂട്ടി റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമേ വണ്ടിയില്‍ യാത്ര ചെയ്യുവാൻ കഴിയൂ എന്ന് സാരം.

റോബിൻ ബസിനെ ഇന്നലെയും പിടിച്ചു ഇന്നും പിടിച്ചു, എന്നും ഫൈൻ അടിക്കാൻ വണ്ടിയില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക എന്നൊക്കെ പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ നിരന്തരം പോസ്റ്റുകള്‍ ഇടുന്നവര്‍ക്കും കൂടിയാണ് ഇത് പറയുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വണ്ടികളുടെ പെര്‍മിറ്റ്, യാത്രക്കാരുടെ ലിസ്റ്റ് എന്നിവ ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന മുറക്ക് പരിശോധനക്ക് ഹാജര്‍ ആക്കണം എന്നാണ് നിയമം .പുതുതായി വന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നിയമങ്ങളിലും പറഞ്ഞിട്ടുള്ളത് ഇതുതന്നെയാണ്. അതുകൊണ്ട് ദിവസേന ഈ വണ്ടി ചെക്ക് ചെയ്താലും എതിര്‍ക്കാൻ പറ്റില്ല.

ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി നല്‍കിയ ഉത്തരവും ഇത് തന്നെയാണ്.ബസ് ഉടമക്ക് മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വീസ് നടത്താം. അതായത് സ്റ്റേജ് കാര്യേജ് പോലെ ആളുകളെ വിളിച്ചു കയറ്റി ഓടുവാൻ കഴിയില്ല എന്ന്!. അഥവാ അങ്ങനെ ആളുകളെ കൊണ്ടുപോകുന്നതായി തെളിഞ്ഞാല്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുവാനുള്ള നിയമം വരെ ഇതിലുണ്ട്.

രാഷ്ട്രീയമായി വിയോജിപ്പുള്ള ആളുകളാണ് റോബിൻ ബസിന് സപ്പോര്‍ട്ട് കൊടുത്ത് കൂടെ നില്‍ക്കുന്നതെന്ന് പറയാതെ വയ്യ. അവരുടെ വാദം കേട്ടാല്‍ തോന്നും കേരളത്തില്‍ ഇത്തരത്തില്‍ ആദ്യം സര്‍വീസ് നടത്തുന്ന ബസാണ് റോബിനെന്ന്. നിലവില്‍ ഇതേപോലെ ബുക്കിംഗ് എടുത്ത് ആളുകളെ കയറ്റി ഓടുന്ന വണ്ടികള്‍(CC) നൂറുകണക്കിന് കേരളത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്.

കല്ലട,എ- വണ്‍,ശര്‍മ്മ,അല്‍ -ഹിന്ദ്, ഓറഞ്ച് തുടങ്ങിയവ ഉദാഹരണങ്ങളാണ്.ഇതില്‍ എ- വണ്‍ പത്തനംതിട്ട - കോയമ്ബത്തൂര്‍ റൂട്ടില്‍ തന്നെയാണ് സര്‍വീസ് നടത്തുന്നതും.

അതേസമയം റോബിന്‍ ബസ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുയെന്ന് ആരോപിച്ചാണ് ബസ് പിടിച്ചെടുത്തത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നടപടി.

ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്റെ പെര്‍മിറ്റ് എന്നി റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. നിയമലംഘനത്തിന് ആഹ്വാനം നല്‍കിയ വ്‌ലോഗര്‍മാര്‍ക്കെതിരെയും കേസെടുത്തേക്കും.

ഇതു രണ്ടാം തവണയാണ് കേരളത്തില്‍ റോബിന്‍ ബസ് പിടിച്ചെടുക്കുന്നത്.ഒരു തവണ തമിഴ്‌നാട്ടിലും ബസ് പിടിച്ചെടുത്തിരുന്നു.

Post a Comment

Previous Post Next Post