ഓണ്‍ലൈൻ ട്രേഡിംഗ് പേരില്‍ തട്ടിപ്പ്; യുവതിക്ക് ആറു ലക്ഷം നഷ്ടമായി

 


കണ്ണൂര്‍: ഓണ്‍ലൈൻ ട്രേഡിംഗ് ചെയ്താല്‍ കൂടുതല്‍ പണം സമ്ബാദിക്കാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച്‌ മാവിലായി സ്വദേശിയായ യുവതിയില്‍നിന്ന് 6,61,600 രൂപ തട്ടിയെടുത്തു.


കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് ഇങ്ങനെ: ആദ്യം യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം ആപ്പ് വഴി തട്ടിപ്പുകാര്‍ ഒരു ലിങ്ക് അയച്ചുനല്‍കി.


യുവതി അതില്‍ കയറിയപ്പോള്‍ ഗൂഗിള്‍ മാപ്പിലേക്ക് എത്തുകയും അവര്‍ പറഞ്ഞതനുസരിച്ച്‌ കുറച്ച്‌ സ്ഥലങ്ങള്‍ക്ക് റേറ്റിംഗ് കൊടുത്തപ്പോള്‍ അതിനു പ്രതിഫലമായി കുറച്ചു പണം യുവതിക്ക് ക്രെഡിറ്റാവുകയും ചെയ്തു. പിന്നീട് അവര്‍ ഓണ്‍ലൈൻ ട്രേഡിംഗ് നടത്തിയാല്‍ കൂടുതല്‍ പണം സമ്ബാദിക്കാമെന്നു പറഞ്ഞ് മോഹ വാഗ്ദാനങ്ങള്‍ നല്‍കി വിശ്വസിപ്പിക്കുകയായിരുന്നു. 


ഇതനുസരിച്ച്‌ യുവതി പലതവണകളായി 6,61,600 രൂപ തട്ടിപ്പുകാര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുനല്‍കി. ട്രേഡ് നടത്തുന്നതിന് വേണ്ടി ടെലിഗ്രാം ആപ്പ് വഴി ഒരു ട്രേഡിംഗ് ആപ്പും പരിചയപ്പെടുത്തി. പിന്നീട് അവര്‍ ട്രേഡിംഗ് സംബന്ധിച്ച്‌ നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നിങ്ങളുടെ ടാസ്ക് കഴിഞ്ഞുവെന്നും പണം തിരികെ ലഭിക്കണമെങ്കില്‍ ക്രെഡിറ്റ്‌ സ്കോര്‍ വര്‍ധിപ്പിക്കണമെന്നും അതിനായി നാല് ലക്ഷം രൂപ കൂടി അയച്ചുതരണമെന്നും പറയുകയായിരുന്നു. അപ്പോഴാണ് യുവതിക്ക് ഇതൊരു തട്ടിപ്പാണെന്ന് മനസിലാകുന്നത്.

Post a Comment

Previous Post Next Post