വാഹനക്കമ്പം കയറിയ റോമിയോ സ്വയം ബൈക്ക് നിര്‍മിച്ച്‌ താരമായി

 


ചെറുപുഴ: വാഹനക്കമ്പം ഒമ്പതാം ക്ലാസുകാരനെ കൊണ്ടെത്തിച്ചത് സ്വയം ബൈക്ക് നിര്‍മിക്കുന്നതിലേക്ക്. യൂട്യൂബിലൂടെ പ്രാഥമിക വിവരങ്ങള്‍ മനസിലാക്കിയ പാടിയോട്ടുചാല്‍ കരിപ്പോട്ടെ റോമിയോ ജോര്‍ജാണ് സ്വന്തമായി ബൈക്ക് നിര്‍മിച്ച്‌ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും താരമായത്.


ഒരു പഴയ ബൈക്കിന്‍റെ എൻജിൻ, രണ്ടു ടയറുകള്‍, കുറച്ച്‌ ജിഐ പൈപ്പ് എന്നിവയെല്ലാം ചേര്‍ത്ത് ഒരടിപൊളി ബൈക്കു തന്നെ റോമിയോ റെഡിയാക്കി. 


ഇതിനായി യൂട്യൂബിന് പുറമെ പല സ്ഥലങ്ങളില്‍നിന്നായി ഓരോ കാര്യങ്ങള്‍ മനസിലാക്കി. വീട്ടില്‍ സ്വന്തമായി ഒരു ബൈക്ക് എന്ന ആഗ്രഹമാണ് റോമിയോ ഇതിനകം സഫലമാക്കിയത്. തന്‍റെ ആഗ്രഹം അറിഞ്ഞ അയല്‍ക്കാരനാണ് ഒരു പഴയ എൻജിനും ടയറുകളും നല്‍കിയതെന്ന് റോമിയോ പറയുന്നു. ഫ്ലിപ്കാര്‍ട്ടില്‍നിന്ന് ഓണ്‍ലൈനായി രണ്ടായിരം രൂപയ്ക്ക് സൈലൻസറും വാങ്ങി. 


പഴയ സൈക്കിളിന്‍റെ സീറ്റുകളാണ് ബൈക്കിനായി ഉപയോഗിച്ചത്. ഹോണിനു പകരമായുള്ളത് സൈക്കിള്‍ ബെല്ലാണ്. ഒറ്റനോട്ടത്തില്‍ പെട്രോള്‍ ടാങ്ക് കണ്ടുപിടിക്കാൻ പറ്റില്ല. ജിഐ പൈപ്പാണ് ബൈക്കിന്‍റെ ബോഡിയും പെട്രോള്‍ ടാങ്കും. രണ്ടു ലിറ്റര്‍ ഉള്‍ക്കൊള്ളാൻ ശേഷിയുള്ളതാണ് ടാങ്ക്. നാല് ഗിയറുകളാണ് ഉള്ളത്. 100 സിസിയുള്ള ബൈക്കിന്‍റെ ക്ലച്ചും മുൻ-പിൻ ബ്രേക്കുകളും കുറ്റമറ്റതാണ്. വെല്‍ഡിംഗ് ജോലികള്‍ മാത്രമാണ് പുറത്തുപോയി ചെയ്തത്. 


വെല്‍ഡിംഗ് ഒഴികെ മറ്റെല്ലാ പ്രവൃത്തിയും സ്വന്തം അധ്വാനത്തിലൂടെ പൂര്‍ത്തിയാക്കി. ഇതിനായി രണ്ടു മാസത്തിലധികം സമയമെടുത്തു. അടിപൊളി ബൈക്ക് ഉണ്ടാക്കി നാട്ടുകാര്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലും താരമായെങ്കിലും റോഡിലേക്ക് ഇറക്കാൻ പറ്റില്ലല്ലോ എന്ന സങ്കടമാണ് റോമിയോയ്ക്ക്. പ്രത്യേക അനുമതി വാങ്ങി എല്ലാ സുരക്ഷയോടെയും റോഡില്‍ ഇറക്കാൻ സാധിക്കുമോ എന്നാണ് ഈ ഒമ്ബതാം ക്ലാസുകാരൻ ഇപ്പോള്‍ അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post