പാലക്കാട്: ലിയോ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. പാലക്കാട് അരോമ തീയേറ്ററില്‍ സംവിധായകനെ കാണാനെത്തിയ ആരാധകര്‍ക്കിടയില്‍പ്പെട്ട് അപകടമുണ്ടാകുകയായിരുന്നു.
പ്രേക്ഷകരുടെ തിക്കിലും തിരക്കിലും ലോകേഷിന്റെ കാലിന് പരിക്കേറ്റു.
ആരാധകര്‍ അനിയന്ത്രിതമായി എത്തിയതോടെ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കാലിന് പരിക്കേറ്റതോടെ ലോകേഷിന്റെ കേരളത്തിലെ മറ്റു പരിപാടികള്‍ റദ്ദാക്കി. തൃശൂര്‍ രാഗം തീയേറ്ററിലും കൊച്ചി കവിത തീയേറ്ററിലും സന്ദര്‍ശനങ്ങള്‍ നടത്താൻ തീരുമാനിച്ചിരുന്നു. കൊച്ചിയില്‍ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായും വൈകാതെ കേരളത്തിലേയ്ക്ക് മടങ്ങിയെത്തുമെന്നും സംവിധായകൻ വ്യക്തമാക്കി.
കേരളത്തില്‍ 600ല്‍ കൂടുതല്‍ സ്ക്രീനുകളിലാണ് ലിയോ പ്രദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് കഷക്ഷനാണ് കേരളത്തിലെ തീയേറ്ററില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്ബൻ താരനിര സിനിമയുടെ ഭാഗമാണ്.
ബോക്സ് ഓഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് പലരും സിനിമയെക്കുറിച്ച് പറയുന്നത്. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുകയും തന്റെ അടുത്ത പ്രോജക്റ്റില്‍ അവ പരിഗണിക്കുകയും ചെയ്യുമെന്നാണ് ലോകേഷ് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. 'തലൈവര്‍ 171' ആണ് ലോകേഷ് ഇനി സംവിധാനം ചെയ്യുന്ന ചിത്രം.

Post a Comment