ദില്ലി: ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇന്ത്യ അയച്ച ആദ്യ ചാര്‍ട്ടേഡ് വിമാനം രാത്രിയോടെ ഇസ്രായേലിലെ ടെല്‍അവീവ് വിമാനത്താവളത്തിലിറങ്ങി.
ഇന്ന് അര്‍ധരാത്രിയോടെ അവിടെനിന്നും മടങ്ങുന്ന വിമാനം നാളെ പുലര്‍ച്ചെ ആറോടെയായിരിക്കും ദില്ലിയിലെത്തുക. 220പേരാണ് വിമാനത്തിലുണ്ടാകുക. ആദ്യസംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 മലയാളികളുണ്ടെന്നാണ് നോര്‍ക്ക നല്‍കുന്ന വിവരം. ഇസ്രായേലില്‍നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെനിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്.
എ.ഐ 1140 നമ്ബര്‍ വിമാനത്തിലാണ് മലയാളികളടക്കമുള്ള 220 ഇന്ത്യക്കാരുടെ സംഘം നാളെ രാവിലെ ദില്ലിയിലെത്തുക. രാവിലെ ആറോടെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലായിരിക്കും വിമാനമെത്തുക. ഓപ്പറേഷന്‍ അജയ്' പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിൻ അറിയിച്ചു.
എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്ക് തുറന്നു
മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം തുറന്നു
മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
കണ്‍ട്രോള്‍ റൂം നമ്ബര്‍: 011 23747079.
വെബ്സെറ്റില്‍ രജിസ്റ്റര്‍ ചെയ്യാം
ഇസ്രായേലില്‍ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കേരള ഹൗസിന്റെ വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തുന്നതു വരെയുള്ള തയ്യാറെടുപ്പുകള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ ഷാജിമോൻ അറിയിച്ചു.
ലിങ്ക് :https://keralahouse.kerala.gov.in/evacuation-of-keralites-from-israel
Post a Comment