കാസര്‍കോട്: ഓണ്‍ലൈൻ ആപ്പില്‍ കുടുങ്ങിയ മാങ്ങാട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരുലക്ഷത്തോളം രൂപ തട്ടിയെടുത്തു.
മാങ്ങാട്ടെ മുഹമ്മദ് ആഷിറിന്റെ പണമാണ് നഷ്ടമായത്. ആഷിറിന്റെ പരാതിയില്‍ മേല്‍പ്പറമ്ബ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞയാഴ്ച ആഷിര്‍ ഒരു ഓണ്‍ലൈൻ ആപ്പ് വഴി ഹെഡ് ലൈറ്റിന് ബുക്ക് ചെയ്തിരുന്നു. രണ്ട് ദിവസത്തിനു ശേഷം യുവാവിന്റെ മൊബൈല്‍ ഫോണില്‍ ഒരു സന്ദേശം വന്നു. താങ്കള്‍ക്ക് ബുക്ക് ചെയ്ത ഹെഡ്‌ലൈറ്റ് റെഡിയായിട്ടുണ്ടെന്നും സാങ്കേതിക പ്രശ്നം കാരണം കൊറിയറില്‍ ഹെഡ്‌ലൈറ്റ് തടഞ്ഞു വെച്ചിരിക്കുകയായിരുന്നു എന്നുമാണ് ഹിന്ദി ഭാഷയില്‍ യുവാവ് ആഷിറിനെ അറിയിച്ചത്. പ്രശ്നം പരിഹരിക്കാൻ ഗൂഗിള്‍ പേ വഴി അഞ്ചു രൂപ അയച്ചതോടെ യുവാവിന്റെ വാട്സ്‌ആപ്പ് നമ്ബറിലേക്ക് ഇൻസ്റ്റാള്‍ ചെയ്യണമെന്ന സന്ദേശവുമായി ഒരു ലിങ്ക് എത്തി. യുവാവ് ഇൻസ്റ്റാള്‍ ചെയ്തതോടെ പിന്നാലെ ഒ.ടി.പി നമ്ബര്‍ ഫോണിലേക്ക് വന്നു.
അജ്ഞാതൻ ഈ ഒ.ടി.പി നമ്ബര്‍ ചേദിച്ചതോടെ ആഷിര്‍ നല്‍കി. പിന്നാലെയാണ് ആഷിറിന്റെ ബറോഡ ബാങ്കിന്റെ ഉദുമ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ പിൻവലിച്ചെന്ന സന്ദേശം വന്നത്. ഉടൻ തന്നെ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അപ്പോഴേക്കും പണം നഷ്ടമായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ ആഷിര്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത് അക്കൗണ്ടില്‍ സൂക്ഷിച്ച പണമാണ് നഷ്ടമായത്. ഓര്‍ഡര്‍ ചെയ്ത ഹെഡ്‌ലൈറ്റ് പിറ്റേദിവസം ലഭിക്കുകയും ചെയ്തു. ആഷിര്‍ സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.

Post a Comment