ഇരിട്ടി: മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. എടക്കാട് സ്വദേശി താഴത്ത് വീട്ടില് സി.കെ. ലിജേഷിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽനിന്നു കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് രാത്രി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറാണ് ലിജേഷ്. കണ്ണൂരിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസ് കീഴൂരിൽ വച്ച് കാറുമായി ഉരസിയിരുന്നു.
ബസ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കാർ യാത്രക്കാർ പറഞ്ഞതിനെത്തുടർന്ന് ഇരിട്ടി സിഐ കെ.ജെ. വിനോയ്, എസ്ഐ എം. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കുകയായിരുന്നു. വൈദ്യപരിശോധയിൽ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡ്രൈവർ അറസ്റ്റിലായതോടെ കീഴ്പ്പള്ളിയിലേക്കുള്ള ബസിന്റെ ട്രിപ്പ് ഇരിട്ടിയിൽ അവസാനിപ്പിച്ചു. പിന്നീട് കണ്ണൂരിൽനിന്നും മറ്റൊരു ഡ്രൈവർ എത്തിയാണ് രാത്രി വൈകി കോട്ടയത്തേക്കുള്ള സർവീസ് നടത്തിയത്.

Post a Comment