ആലപ്പുഴ: പാറശ്ശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. ചൊവ്വാഴ്ച രാത്രിയോടെ മാവേലിക്കര സബ് ജയിലിൽനിന്ന് ബന്ധുക്കൾ ഗ്രീഷ്മയെ കൂട്ടിക്കൊണ്ടുപോയി. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കേണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി കഴിഞ്ഞ ദിവസം ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
ജയിലിൽനിന്നിറങ്ങയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കേസിന്റെ വിചാരണ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹർജി നൽകിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് അത് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം. ചെയ്ത കാര്യത്തിൽ പശ്ചാത്താപമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല.
കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കാമുകനായിരുന്ന പാറശ്ശാല, സമുദായപ്പറ്റ്, ജെ.പി. ഭവനിൽ ജയരാജിന്റെ മകൻ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്നാട്ടിലെ ദേവിയോട്, രാമവർമൻചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തിൽ ഗ്രീഷ്മ. ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേർന്ന് കൃത്യം ആസൂത്രണം ചെയ്തത്.
Post a Comment