പെരുമ്പാവൂർ: രായമംഗലത്ത് യുവാവ് വീട്ടിൽക്കയറി വെട്ടിപരിക്കേൽപ്പിച്ച നഴ്സിങ് വിദ്യാർഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയിൽ അൽക്ക അന്ന ബിനു(19)വാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കഴിഞ്ഞ ഏഴു ദിവസമായി അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരിങ്ങോൾ സ്വദേശിയായ ബേസിൽ പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടിപരിക്കേൽപ്പിച്ചത്. കൃത്യത്തിന് പിന്നാലെ പ്രതി ബേസിലിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വാക്കത്തിയുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ക്രൂരമായാണ് ആക്രമിച്ചത്. അൽക്കയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. പിന്നാലെ വാക്കത്തി ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി, സ്വന്തം വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.
കഴുത്തിലും തലയിലും ആഴത്തിൽ മുറിവേറ്റ അൽക്കയെ ആദ്യം പെരുമ്പാവൂരിലെ ആശുപത്രിയിലും പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ആക്രമിച്ചത് ബേസിലാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. സ്കൂളിൽ പഠിക്കുമ്പോൾ സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് പറയുന്നു. ബേസിൽ പലപ്പോഴും പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് വിവരം. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
കോലഞ്ചേരിയിൽ നഴ്സിങ് വിദ്യാർഥിനിയാണ് മരിച്ച അൽക്ക. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബാല കത്തീഡ്രൽ പള്ളിയിൽ.

Post a Comment