മലയോരത്ത് ബസുകളുടെ മത്സരയോട്ടം പതിവാകുന്നു



ആലക്കോട്: തളിപ്പറമ്പ് -കൂര്‍ഗ് ബോര്‍ഡര്‍ റോഡിലും മലയോര ഹൈവേയിലും ബസുകളുടെ മത്സരയോട്ടം പതിവാകുന്നു. ചെറുവാഹനങ്ങളെയും ഇരുചക്രവാഹനങ്ങളെയും ഒട്ടും ഗൗനിക്കാതെയുള്ള ബസുകളുടെ മത്സര ഓട്ടത്തില്‍ നിന്ന് പലരും തലനാരിഴയക്കാണ് രക്ഷപ്പെടുന്നത്.

ബസുകള്‍ക്ക് റണ്ണിംഗ് ടൈം ഏറെ ഉണ്ടെങ്കിലും ഇവര്‍ മത്സരിച്ച്‌ അടുത്ത ടൗണില്‍ പോയി പാര്‍ക്ക് ചെയ്യുകയാണ് പതിവ്. 

മിക്ക ബസ് ഡ്രൈവര്‍മാരും ഇരുചക്ര വാഹനങ്ങളെയും ചെറിയ വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും കണ്ടഭാവം പോലും നടിക്കാറില്ല. വലിയ ശബ്ദത്തില്‍ ഹോണ്‍ മുഴക്കി ഭീതി പരത്തിയാണ് ഡ്രൈവിംഗ് നടത്തുന്നത്. 

ഇതുപോലെ തന്നെയാണ് ടിപ്പര്‍ ടോറസ് വാഹനങ്ങളുടെയും മത്സര ഓട്ടം. ബസ് ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം അടുത്തകാലത്തായി അപകടങ്ങള്‍ വൻതോതില്‍ വര്‍ദ്ധിച്ചുവരികയാണ്. 

ആളപായം ഉണ്ടായാല്‍ പോലും ഇതിനെതിരെ വലിയ ശിക്ഷയില്ലാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത് എന്നാണ് പൊതുജനം പറയുന്നത്. 

ആറുമാസക്കാലം ലൈസൻസ് റദ്ദ് ചെയ്യുന്നതാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയാല്‍ ലഭിക്കുന്ന വലിയ ശിക്ഷ. ഇതിന് മാറ്റം വരുത്തി കടുത്ത ശിക്ഷ നല്‍കാൻ അധികാരികള്‍ തയാറാകണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ മത്സരയോട്ടം അവസാനിപ്പിക്കുന്നില്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ തടഞ്ഞിടുമെന്നും ഡ്രൈവര്‍മാരെ കൈകാര്യം ചെയ്യാൻ മടിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post