പാറപ്രം റെഗുലേറ്റര്‍ പാലം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിച്ചു

 


തലശ്ശേരി: അഞ്ചരക്കണ്ടി പുഴക്ക് കുറുകെ പിണറായി പാറപ്രത്ത് പുതുതായി നിര്‍മിച്ച ലോക്കോടുകൂടിയ പാറപ്രം റെഗുലേറ്റര്‍ ശനിയാഴ്ച വൈകീട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു 

മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു 

കാലപ്പഴക്കത്താല്‍ ഏറെക്കാലമായി ഉപയോഗശൂന്യമായിരുന്നു പാറപ്രം റെഗുലേറ്റര്‍ പാലം. 1989ല്‍ ജലസേചന മന്ത്രിയായിരുന്ന ബേബി ജോണാണ് റഗുലേറ്റര്‍ ഉദ്ഘാടനം ചെയ്തത്. കാലപ്പഴക്കത്താല്‍ ഷട്ടര്‍ ദ്രവിച്ചതിനെത്തുടര്‍ന്ന് ഉപ്പുവെള്ളം വയലുകളിലും കിണറുകളിലും കയറുന്നതു പതിവായി. ഇതേതുടര്‍ന്നാണ് പഴയത് പൊളിച്ചു പുതിയത് നിര്‍മിച്ചത്. 


ധര്‍മടം മണ്ഡലത്തിലെ പിണറായി, പെരളശ്ശേരി പഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ചാണ് പാറപ്രം റെഗുലേറ്റര്‍ നിര്‍മിച്ചത്. കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കംകൂട്ടാനും പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ റെഗുലേറ്റര്‍ പണിതത്. 


98.6 മീറ്ററാണ് നീളം. ആറു വെര്‍ട്ടിക്കല്‍ ഗേറ്റുകളും രണ്ട് ജോടി ഡയമണ്ട് ആകൃതിയിലുള്ള ഗേറ്റുകളും 12 മീറ്റര്‍ നീളമുള്ള ആറു ഷട്ടറുകളും 92.8 മീറ്റര്‍ നീളമുള്ള ലോക്കും 1.5 മീറ്റര്‍ വീതിയുള്ള നടപ്പാലവും ഇതിന്റെ പ്രത്യേകതയാണ്. വൈദ്യുതി ഉപയോഗിച്ച്‌ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതുമൂലം പ്രളയസമയത്ത് ഷട്ടറുകള്‍ വേഗത്തില്‍ തുറക്കാന്‍ സാധിക്കും. 


നാവിഗേഷൻ ലോക്കും ടൂറിസം സാധ്യതയും 


ജലഗതാഗതത്തിനായാണ് നാവിഗേഷൻ ലോക്ക്. ബോട്ട്, തോണി തുടങ്ങിയവ ഇതുവഴി കടന്നുപോകും. ഇരുവശത്തും പാര്‍ക്കിങ് സൗകര്യം ഇന്റര്‍ലോക്ക് ചെയ്തു തയാറാക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങള്‍, വൈദ്യുതി വിളക്കുകള്‍ എന്നിവയും സജ്ജമാക്കി. പണി പൂര്‍ത്തിയായതോടെ വൈകീട്ട് സമയം ചെലവഴിക്കാൻ ഇവിടെ എത്തുന്നത് നിരവധിപേരാണ്.


അണക്കെട്ടിന് സമീപം മൂന്നേക്കറോളം വരുന്ന ദ്വീപ് പ്രദേശം ഏറ്റെടുത്ത് ടൂറിസം സാധ്യത കൂടുതല്‍ വികസിപ്പിക്കാനും സാധിക്കും. 400 മീറ്ററോളം നീളത്തില്‍ കനാലിലൂടെ തോണി, ബോട്ട് യാത്രകള്‍ക്കും ഉപയോഗപ്പെടുത്താനാവും. മലനാട് റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ടുപയോഗിച്ച്‌ അഞ്ചരക്കണ്ടി പുഴയില്‍ നിര്‍മിക്കുന്ന നാല് ബോട്ട് ടെര്‍മിനലുകളില്‍ ഒന്ന് പാറപ്രത്താണ് എന്നതും വിനോദ സഞ്ചാര സാധ്യത വര്‍ധിപ്പിക്കുന്നു. 


ഉപ്പുവെളളം കയറില്ല 


ഇരുകരകളിലുമായി ഏകദേശം 1300 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റും കരിങ്കല്ലും ഉപയോഗിച്ച്‌ സംരക്ഷണഭിത്തിയും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇത് പ്രളയകാലത്തുണ്ടാകുന്ന കുത്തൊഴുക്കുമൂലം നദികളുടെ പാര്‍ശ്വങ്ങള്‍ ഇടിയുന്നത് തടയും. സമീപത്തുള്ള നാല് കൈത്തോടുകളില്‍ സ്ലൂയിസ് സ്ഥാപിച്ച്‌ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞിട്ടുണ്ട്. കിഫ്‌ബിയില്‍നിന്ന് അനുവദിച്ച 55 കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതി 28 മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ്‌ കോര്‍പറേഷന് കീഴില്‍ പൗലോസ് ജോര്‍ജ് കണ്‍സ്ട്രക്ഷൻ കമ്ബനിയാണ് പ്രവൃത്തി നടത്തിയത്. 


2021 ഏപ്രിലിലാണ് റെഗുലേറ്റര്‍ നിര്‍മാണം ആരംഭിച്ചത്. വേങ്ങാട്, പിണറായി, പെരളശ്ശേരി, മട്ടന്നൂര്‍ നഗരസഭയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കൃഷിക്കാവശ്യമായ ജലമെത്തിക്കലാണ് ലക്ഷ്യം. പെരളശ്ശേരി, കോട്ടം, മുണ്ടലൂര്‍, ചെറുമാവിലായി, ചേരിക്കല്‍ പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതും തടയാനാകും. 


അണക്കെട്ടില്‍ ഒന്നര മീറ്റര്‍ ഉയരത്തിലാണ് ജലസംഭരണം. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതും കുടിവള്ളം മലിനമാകുന്നതും തടയുക, ശുദ്ധജലം സംഭരിച്ച്‌ കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രദേശത്തെ ഭൂഗര്‍ഭ ജലനിരപ്പ് ഉയരുമെന്നതും നേട്ടമാണ്.

Post a Comment

Previous Post Next Post