ആലക്കോട്: നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന മലയോരഹൈവേയില്‍ പുനര്‍നിര്‍മ്മിക്കുന്ന ആലക്കോട്,കരുവൻചാല്‍ പാലങ്ങളുടെ നിര്‍മ്മാണം മുടങ്ങി.
ആലക്കോട് പാലം രണ്ടുവര്‍ഷം മുമ്ബും കരുവൻചാല്‍ പാലം കഴിഞ്ഞ ഡിസംബറിലുമാണ് നിര്‍മ്മിച്ചുതുടങ്ങിയത്. വീതി കുറഞ്ഞ പഴയപാലത്തിലൂടെയുള്ള യാത്ര ജനത്തിന് ശിക്ഷയാകുമ്ബോഴും പുതിയ പാലങ്ങളുടെ പ്രവൃത്തി പുനരാരംഭിക്കാൻ യാതൊരു നടപടിയും നിലവില്‍ കൈകൊണ്ടിട്ടില്ല.
65 വര്‍ഷം മുമ്ബ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ നിര്‍മ്മിച്ച ആലക്കോട്, കരുവൻചാല്‍ പുഴകള്‍ക്ക് കുറുകെയുള്ള പാലങ്ങള്‍ മലയോരഹൈവേയിലെ കുപ്പിക്കഴുത്തായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റൂട്ടില്‍ തിരക്കുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. പതിറ്റാണ്ടുകളായുള്ള മുറവിളികള്‍ക്കൊടുവിലാണ് ഇരു പാലങ്ങളുടെയും നിര്‍മ്മാണം ആരംഭിച്ചത് . മലയോരജനത ഏറെ സന്തോഷത്തോടെയാണ് ഈ പ്രഖ്യാപനത്തെ വരവേറ്റത്.
ആലക്കോട് പാലത്തിന്റെ കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞതോടെ പ്രവൃത്തി നിലച്ച മട്ടാണ്. വൈകി തുടങ്ങിയ കരുവൻചാല്‍ പാലത്തിന്റെ തൂണുകള്‍ പോലും പൂര്‍ത്തിയായിട്ടില്ല. മാസങ്ങളായി ഈ പാലത്തിന്റെ നിര്‍മ്മാണവും നിറുത്തി വച്ചിരിക്കുകയാണ്.കാലവര്‍ഷം ഇക്കൊല്ലം ദുര്‍ബ്ബലമായതിനാല്‍ ഏതാനും ദിവസം മാത്രമാണ് പുഴകളില്‍ കാര്യമായ നീരൊഴുക്ക് ഉണ്ടായത്. ഈ രീതിയില്‍ പോയാല്‍ വലുപ്പം കൂടുതലുള്ള കരുവൻചാല്‍ പാലത്തിന്റെ നിര്‍മ്മാണം അടുത്ത വേനല്‍ക്കാലത്ത് പോലും പൂര്‍ത്തിയാക്കാൻ കഴിയില്ല.

Post a Comment