റാബത്ത്: മൊറോക്കോയിലുണ്ടായ വൻ ഭൂചലനത്തിൽ മരണം 632 ആയി. 329 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. മരാക്കേഷ് നഗരത്തിന് സമീപം വെള്ളിയാഴ്ച രാത്രി 11.11-ഓടെയായിരുന്നു ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
സെക്കൻഡുകളോളം ഭൂചലനത്തിന്റെ പ്രകമ്പനം നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്. സമീപപ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. നാശനഷ്ടങ്ങളുടെ തോത് കണക്കാക്കിവരുന്നതേയുള്ളു എന്ന് അധികൃതർ അറിയിച്ചു. കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുന്നതിന്റേയും തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങളുടേയും വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി ചരിത്ര സ്മാരകങ്ങളും തകർന്നുവെന്നാണ് വിവരം.

Post a Comment