ഓണം ബംപർ; 25 കോടി അടിച്ചത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനെന്ന് പരാതി, അന്വേഷിക്കാൻ അഞ്ചംഗസമിതി


തിരുവനന്തപുരം: ഓണം ബമ്പർ ഒന്നാംസമ്മാനം 25 കോടി കിട്ടിയത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനെന്ന പരാതി ലോട്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും.
കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള നാലുപേർക്കാണ് സമ്മാനമടിച്ചത്. വാളയാറിൽ നിന്നാണ് ടിക്കറ്റ് എടുത്തതെന്നാണ് ഇവർ അറിയിച്ചത്. എന്നാൽ അനധികൃതമായി തമിഴ്‌നാട്ടിൽ വിറ്റ ടിക്കറ്റാണിതെന്ന് ഒരു വ്യക്തി പരാതിപ്പെട്ടു. 
കേരള ലോട്ടറി കേരളത്തിന് പുറത്ത് വിൽക്കാൻ പാടില്ല. എന്നാൽ കേരളത്തിന് പുറത്തുനിന്നുള്ളവർക്ക് കേരളത്തിൽനിന്ന് ടിക്കറ്റ് വാങ്ങാം. കേരളത്തിന് പുറത്തുനിന്ന് സമ്മാനം കിട്ടുന്ന സംഭവങ്ങളിൽ പരിശോധന നടത്താൻ ലോട്ടറി ഡയറക്ടറുടെ നേതൃത്വത്തിൽ അഞ്ചംഗ സ്ഥിരം സമിതിയുണ്ട്. ഈ സമിതിയാണ് പുതിയ പരാതിയും അന്വേഷിക്കുന്നത്.

സമ്മാനാർഹർ കേരളത്തിൽ വന്നുപോയതിന്റെ തെളിവുകൾ ഉൾപ്പെടെ ഈ സമിതി പരിശോധിക്കും. അതിനുശേഷമേ സമ്മാനം നൽകൂ. 
വർഷങ്ങൾക്ക് മുമ്പുവരെ കള്ളപ്പണ മാഫിയ ലോട്ടറി സമ്മാനം പണം വെളുപ്പിക്കാൻ ഉപയോഗിക്കാറുണ്ടായിരുന്നു. പതിവായി മുംബൈയിലും പുണെയിലുംനിന്ന് സമ്മാനാർഹർ എത്തിയപ്പോൾ ലോട്ടറി വകുപ്പുതന്നെ ആദായ നികുതി വകുപ്പിലറിയിച്ച് പരിശോധന നടത്തുകയും പലർക്കും സമ്മാനം നിഷേധിക്കുകയും ചെയ്തു. അതോടെയാണ് ഈ പ്രവണത ഇല്ലാതായത്. എന്നാൽ ഇപ്പോൾ അതിർത്തി ജില്ലകളിൽ ടിക്കറ്റ് വിൽപ്പന കൂടിയിട്ടുണ്ട്.

Post a Comment

Previous Post Next Post