കണ്ണൂര്‍: ഈയവും ചെമ്ബും സ്വര്‍ണം പൂശിയെടുത്ത് ആഭരണമാക്കി യഥാര്‍ഥ സ്വര്‍ണമെന്ന നിലയില്‍ ജൂവലറികളില്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ മൂന്നുപേരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു.
തലശ്ശേരി ഇല്ലിക്കുന്ന് റഫിയായ് ഹൗസില്‍ എം.സിറാജുദ്ദീൻ (41), അഴീക്കോട് കപ്പക്കടവ് എം.എം.ഹൗസിലെ എം.സുജൈല്‍ (40), ഇരിക്കൂര്‍ പെരുവളത്ത്പറമ്ബ് യത്തീംഖാനയ്ക്ക് സമീപം ആസ്യാസ് ഹൗസിലെ ഷഫീഖ് (33), എന്നിവരെയാണ് ടൗണ്‍ ഇൻസ്പെക്ടര്‍ പി.എ.ബിനുമോഹനും സംഘവും പിടിച്ചത്.
കണ്ണൂരിലെ ജംസ് ജൂവലറിയില്‍ വ്യാജ സ്വര്‍ണം വിറ്റ് 50,000 രൂപ തട്ടിയെടുത്തിരുന്നു. ശനിയാഴ്ച മറ്റൊരു ജൂവലറിയില്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടയില്‍ സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. വ്യാജ സ്വര്‍ണം വില്‍ക്കാനെത്തിയ സിറാജുദ്ദീൻ, സുജൈല്‍ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്.
ജംസ് ജൂവലറിയില്‍ ഇവര്‍ വിറ്റ ആഭരണങ്ങള്‍ ഉരുക്കിനോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇവരെ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞു. ഉടൻ അവര്‍ മറ്റ് ജൂവലറിക്കാരെയും പോലീസിനെയും വിവരമറിയിച്ചിരുന്നു. ഷഫീഖാണ് തട്ടിപ്പിലെ പ്രധാന കണ്ണിയെന്നും ഇയാളുടെ നേതൃത്വത്തിലാണ് വ്യാജസ്വര്‍ണം നിര്‍മിച്ചതെന്നും പോലീസ് അറിയിച്ചു. ഗള്‍ഫിലായിരുന്ന ഷഫീഖ് കുറേനാള്‍ ശ്രീകണ്ഠപുരത്ത് മൊബൈല്‍ ഫോണ്‍ കട നടത്തിയിരുന്നു. സാമ്ബത്തികമായി ഉയര്‍ന്ന നിലയിലാണ് ഇയാളുടെ കുടുംബം.
പ്രതികളുടെ പേരില്‍ വേറെ കേസുകളൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ വേറെയും തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

Post a Comment