ലൈനില്‍ നിന്നും 'കുത്തിയെടുപ്പ്" ചെറുതല്ല വൈദ്യുതി മോഷണം

 



കണ്ണൂര്‍:കെ.എസ്.ഇ.ബിയെ വെട്ടിച്ച്‌ ജില്ലയില്‍ പലയിടങ്ങളിലും വൈദ്യുതി മോഷണം വ്യാപകം.ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസവും കെ.എസ്.

ഇ. ബി പയ്യാവൂര്‍ സെക്ഷനു കീഴില്‍ ആനയടിയില്‍ വൈദ്യുതി മോഷണം അധികൃതര്‍ കൈയ്യോടെ പിടികൂടിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച അധികൃതര്‍ ലൈനില്‍ നിന്നും ബില്‍ഡിംഗിലേക്ക് നേരിട്ട് വയര്‍ കൊളുത്തി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതായാണ് കണ്ടെത്തിയത്.


കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയരുടെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ 4000 രൂപ കോമ്ബൗണ്ടിംഗ് ഫീയും 5750 രൂപ പിഴയായും ഈടാക്കിയാണ് സംഭവത്തില്‍ കേസ് ഒഴിവാക്കിയത്. പതിനായിരം രൂപയാണ് ഒരു കിലോ വാള്‍ട്ട് വൈദ്യുതിക്ക് പിഴ ഈടാക്കുന്നത്.


അധികൃതരുടെ കണ്ണ് വെട്ടിച്ച്‌ വൈദ്യുതി മോഷണം മലയോരത്തുള്‍പ്പെടെ ജില്ലയില്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്.എന്നാല്‍ ചെയ്യുന്ന കുറ്റത്തിന്റെ വ്യാപ്തി മനസ്സിലാക്കാത്തവരാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുതി മോഷണം വാറന്റില്ലാതെ എഫ്.ഐ.ആര്‍ ഇടാവുന്നതും ജാമ്യമില്ലാത്ത കുറ്റകൃത്യവുമാണെന്ന് പലര്‍ക്കും ബോധ്യമില്ല.ലൈനുകളില്‍ നിന്നോ സര്‍വീസ് വയറുകളില്‍ നിന്നോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ ഉള്ള കേബിളുകളില്‍ നിന്നോ മീറ്ററില്‍ രേഖപ്പെടുത്താത്ത തരത്തില്‍ ടാപ്പ് ചെയ്താണ് മോഷണം നടക്കുന്നത്.കഴിഞ്ഞ ആഴ്ച്ച വള്ളിത്തോട് ടവര്‍ നിര്‍മ്മാണത്തിനിടെ ലൈനില്‍ നിന്നും നേരിട്ട് മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.


വൈദ്യുതി മോഷണം 


വൈദ്യുത മീറ്ററുകളിലോ അനുബന്ധ മീറ്ററിംഗ് ഉപകരണങ്ങളിലോ ക്രമക്കേട് നടത്തി ഉപഭോഗം രേഖപ്പെടുത്താതിരിക്കുക,


ഉയര്‍ന്ന വോള്‍ട്ടേജ് കടത്തിവിട്ടും വിദൂരവിനിമയ സംവിധാനം ഉപയോഗിച്ചും ഏതെങ്കിലും വസ്തുക്കള്‍ മീറ്ററിലെ സര്‍ക്യൂട്ട് ബോര്‍ഡില്‍ ഘടിപ്പിച്ചും ഉപഭോഗം രേഖപ്പടുത്തുന്നത് തടയുക .


ഇലക്‌ട്രിസിറ്റി ആക്‌ട് 2003 സെക്ഷൻ 135


വൈദ്യുതി മോഷണം കണ്ടുപിടിച്ചാല്‍ ഇലക്‌ട്രിസിറ്റി ആക്‌ട് 2003 സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കും.പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യാം. മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.തെറ്റ് മനസിലാക്കി സ്വമേധയാ കെ.എസ്.ഇ.ബി യെ അറിയിച്ചു പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ് തിരുത്തുവാൻ ഒരാള്‍ക്ക് ഒരവസരം മാത്രമേ നല്‍കുകയുള്ളു.മോഷണ വിവരം അധികൃതര അറിയിക്കുന്നവര്‍ക്ക് പാരിതോഷികവുമുണ്ട്.

Post a Comment

Previous Post Next Post