കാമറൂണിലെ മലയാളിയുടെ തോട്ടങ്ങളില്‍ ഇനി കാഷ്യൂ കിങ് വിളയും

 


ആലക്കോട് :ജിജുവിന്റെ ഗ്രാഫ്റ്റ് ഇനം കശുമാവ് കാഷ്യൂ കിങ് കടല്‍ കടന്ന് ആഫ്രിക്കയിലുമെത്തി. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് സ്വദേശി ജോഷിയുടെ ആഫ്രിക്കയിലെ കാമറൂണിലുള്ള നൂറുക്കണക്കിന് ഏക്ര കൃഷിയിടത്തിലേക്കാണ് കശുമാവിന്റെ രാജാവെന്ന് ഖ്യാതി നേടിയ കാഷ്യൂ കിങ് കശുമാവ് തൈകള്‍ കൃഷിയിറക്കുന്നത്.


കേളകം അടക്കാത്തോട്ടിലെ കൃഷി വിദഗ്ദനായ പടിയക്കണ്ടത്തില്‍ ജിജു ദീര്‍ഘകാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷം വിജയിപ്പിച്ച ഇനമാണ് കാഷ്യൂ കിങ് എന്ന പേരില്‍ പ്രസിദ്ധമായത്. 


സ്വന്തം കൃഷിസ്ഥലത്ത് ജിജുവിന്റെ കശുമാവുകള്‍ താങ്ങാവുന്നതിലധികം കായ്ച്ച്‌ നില്‍ക്കുന്നത് കര്‍ഷകര്‍ക്ക് വിസ്മയമാകാറുണ്ട്. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയിലെ കാമറൂണിലാണ് പുതുതായി കാഷ്യൂ കിങ് കശുമാവ് കൃഷിത്തോട്ടം ഒരുക്കുന്നത്. 25 വര്‍ഷമായി ആഫ്രിക്കയിലെ കാമറൂണില്‍ വൈവിധ്യകൃഷി നടത്തുന്ന കര്‍ഷകനാണ് ആലക്കോട്ജോഷി. കാമറൂണിലെ ഇയാളുടെ തോട്ടത്തില്‍ കശുമാവ് കൃഷിക്കായി ആയിരക്കണക്കിന് കാഷ്യൂ കിങ് തൈകള്‍ ഗ്രാഫ്റ്റ് ചെയ്യുന്നതിനായി പടിയക്കണ്ടത്തില്‍ ജിജുവിന്റെ മേല്‍നോട്ടത്തില്‍ കേളകം - അടക്കാത്തോട്ടില്‍ നിന്നും കവളമാക്കല്‍ മജു തോമസ്, നെല്ലിക്കുന്നത്ത് ബിജു, കോട്ടയം സ്വദേശി ബിജു എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശീയരുടെ സഹകരണത്തോടെ പ്രവൃത്തി പുരോഗമിക്കുകയാണിപ്പോള്‍. ആയിരക്കണക്കിന്കാഷ്യൂ കിങ് തൈകള്‍ കാമറൂണിലെ നഴ്സറികളില്‍ കൃഷിക്കായി തയാറായിട്ടുണ്ട്.


കൃഷി പലതും പരീക്ഷിച്ച്‌ പരാജയപ്പെട്ട ശേഷമാണ് സ്വന്തമായി നട്ടുവളര്‍ത്തി വികസിപ്പിച്ചെടുത്ത കശുമാവിന് കാഷ്യൂ കിങ് എന്നപേര് ജിജു നല്‍കിയത്. പുതിയ ഇനം വിജയിച്ചതോടെയാണ് അടക്കാത്തോട്ടിലെ പടിയക്കണ്ടത്തില്‍ ജിജുവിന്റെ കാര്‍ഷിക സ്വപ്നങ്ങള്‍ പൂവണിയുന്നത്. ഏതുപ്രതികൂല കാലാവസ്ഥയിലും നൂറ് മേനി വിളഞ്ഞ് വരുമാനം നല്‍കുന്ന കാഷ്യൂ കിങ് ആണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലും താരമാകുന്നത്. കേളകം അടക്കാത്തോട്ടിലെ ജിജുവിന്റെ കാഷ്യൂ കിങിനെ തേടി കടല്‍ കടന്നും ആളുകളെത്തുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിച്ച്‌ സമൃദ്ധമായി വിളയുന്ന കാഷ്യു കിങ് മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. 


തമിഴ്നാട്ടിലേക്കും കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനായി കാഷ്യൂ കിങിന് ആവശ്യക്കാരെത്തിയതായി ജിജു പറഞ്ഞു. ഗ്രാഫ്റ്റ്കശുമാവ് തൈകള്‍ക്ക് പുറമെ വിവിധയിനം വിദേശ ഫലവൃക്ഷങ്ങളുടെ തൈകള്‍, മാവുകള്‍ പ്ലാവുകള്‍, പേരകള്‍, ചാമ്ബകള്‍ തുടങ്ങി നിരവധി ഇനങ്ങളുടെ തൈകളും ജിജുവിന്റെ കൈകളില്‍ നിന്നു കൃഷിയിടങ്ങളിലേക്ക് പകര്‍ന്നെത്തുന്നത് വിജയഗാഥയുടെ തുടര്‍ച്ചയായാണ്.

Post a Comment

Previous Post Next Post