ചെറുപുഴ: മലയോര ഹൈവേയിലെ വാണിയംകുന്ന് ഇറക്കത്തിൽ വീണ്ടും വാഹനാപകടം. കാസർഗോഡ് പരപ്പയിൽനിന്ന് ആലക്കോട് ഭാഗത്തേയ്ക്ക് പോകുന്ന കാറാണ് ഇന്നലെ രാവിലെ 11.30തോടെ അപകടത്തിൽപ്പെട്ടത്. വാണിയംകുന്ന് ഇറക്കം ഇറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് വളവിൽനിന്ന് റോഡിന് താഴേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.
പരപ്പ സ്വദേശി മറ്റത്തിൽ ബിജുവും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. സമീപ വാസികൾ അപ്പോൾത്തന്നെ രഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇതേ സ്ഥലത്ത് നടക്കുന്നഅഞ്ചാമത്തെ അപകടമാണിത്. ഇതിൽ നാലും കാറാണ് അപകടത്തിൽപ്പെട്ടത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതേ രീതിയിലാണ് ഒരു മാസം മുൻപ് മറ്റൊരു കാർ റോഡിന് താഴേയ്ക്ക് മറിഞ്ഞത്. റോഡിന്റെ പാർശ്വഭാഗത്ത് ഇരുമ്പ് പാളികൾ കൊണ്ടുള്ള വേലി തകർന്ന സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്.
ഇവിടെ ഇരുമ്പ് പാളികൾ മാറ്റി കോൺക്രീറ്റ് വേലി നിർമിച്ചാൽ അപകടത്തിന്റെ വ്യാപ്തി കുറക്കാനാവുമെന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment