അത്തം പിറന്നു, തിരുവോണത്തിന് ഇനി പത്ത് നാള്‍ കാത്തരിപ്പ്. പൂവിളികളോടെ മലയാളികള്‍ ഇന്നുമുതല്‍ പൂക്കളമിട്ട് ഓണനാളുകളിലേക്ക് കടക്കുകയാണ്.
ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നാണ്.
രാവിലെ 9 മണിയോടെ തിരുവനന്തപുരം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അത്തച്ചമയ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടൻ മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തുടര്‍ന്ന് നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന വര്‍ണശബളമായ ഘോഷയാത്ര രാജനഗരിയെ വലംവയ്ക്കും.
രാവിലെ 10 മുതല്‍ സിയോണ്‍ ഓഡിറ്റോറിയത്തില്‍ പൂക്കളമത്സരവും മൂന്നു മുതല്‍ പൂക്കളപ്രദര്‍ശനവും നടക്കും. വൈകിട്ട് 5.30ന് ലായം കൂത്തമ്ബലത്തില്‍ തിരുവോണം വരെയുള്ള കലാസന്ധ്യക്കും തുടക്കമാകും. ഇത്തവണത്തെ അത്തച്ചമയ ഘോഷയാത്ര പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചായിരിക്കും നടപ്പാക്കുക.
അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ല്. ഇന്നുമുതല്‍ മലയാളികള്‍ പൊന്നോണത്തെ വരവേല്‍ക്കാൻ മുറ്റത്ത് പൂക്കളമിട്ടു തുടങ്ങും. അത്തം മുതല്‍ പത്ത് ദിവസം പൂക്കളമൊരുക്കുന്നതിന് ചില പ്രത്യേകതകളുമുണ്ട്.
അത്തം നാളില്‍ ചെറിയ വലുപ്പത്തില്‍ ഒരു ലെയറിലാണ് പൂക്കളമിടുക. ചിത്തിര നാളില്‍ പ്രാധാന്യം വെളുത്ത പൂക്കള്‍ക്കാണ്. രണ്ട് ലെയറായി പൂക്കളമൊരുക്കും. ചോതി നാളില്‍ മൂന്ന് ലെയറില്‍ ഒരുക്കും. വൃത്താകൃതിയില്‍ നാല് ലെയറില്‍ പല വര്‍ണങ്ങളില്‍ പൂക്കള്‍ ഇടകലര്‍ത്തിയാണ് വിശാഖം നാളില്‍ പൂക്കളമൊരുക്കുക.
അനിഴത്തിന് അഞ്ച് ലെയറില്‍ അഞ്ച് നിറത്തിലുള്ള പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കും. തൃക്കേട്ടയില്‍ ആറ് ലെയറില്‍ ആറ് നിറങ്ങളിലുള്ള പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാം. മൂലം നാളില്‍ ഏഴ് ലെയറില്‍ ചതുരാകൃതിയിലാണ് പൂക്കളമൊരുക്കേണ്ടത്. പൂരാടമെത്തുമ്ബോള്‍ മറ്റ് ദിവസങ്ങളിലെ പൂക്കളങ്ങളേക്കാള്‍ വലുതായിരിക്കണം പൂക്കളം. എട്ട് ലെയറില്‍ പൂക്കളമൊരുക്കും.
തിരുവോണത്തിന് തലേനാള്‍ ഉത്രാടത്തിന് പൂക്കളവും അതുപോലെ ഗംഭീരമായിരിക്കണം. ഒമ്ബത് ലെയറില്‍ സമൃദ്ധമായ പൂക്കളമാണ് മലയാളികള്‍ ഒരുക്കുക.
പത്ത് ലെയറില്‍ പലവിധ പൂക്കളാല്‍ തിരുവോണത്തിന് പൂക്കളമൊരുക്കുമ്ബോള്‍ പ്രധാന ഐറ്റം തുമ്ബപ്പൂവ് തന്നെയായിരിക്കണം.

Post a Comment