ട്രെയിനുകള്‍ക്കു കല്ലെറിഞ്ഞത് മദ്യപസംഘമെന്ന് പോലീസ്

 


കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞത് മദ്യപസംഘമെന്നു പോലീസ് കണ്ടെത്തല്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ കണ്ണൂരില്‍ നാലു ‌ട്രെയിനുകള്‍ക്കുനേരെയാണു കല്ലേറുണ്ടായത്.


ഇതിനെല്ലാം പിന്നില്‍ മദ്യപസംഘമാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി കണ്ണൂരില്‍ രണ്ടിടത്തും കാസര്‍ഗോഡ് ഒരിടത്തുമാണ് ട്രെയിനുകള്‍ക്ക് കല്ലേറുണ്ടായത്. 


തിരുവന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെട്ട് അല്പസമയത്തിന് ശേഷവും മംഗലാപുരത്തുനിന്നു ചെന്നൈയിലേക്കു പോകുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് കണ്ണൂരിനും കണ്ണൂര്‍ സൗത്തിനുമിടയിലാണ് കല്ലേറുണ്ടായത്. 


ഇതേസമയം നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തു വച്ച്‌ ഓഖ എറണാകുളം എക്‌സ്പ്രസിനു നേരേയും കല്ലേറുണ്ടായി. ബുധനാഴ്ച കാസര്‍ഗോഡുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന വന്ദേഭാരത് എക്‌സപ്രസിന് മാഹിക്കും മുക്കാളിക്കുമിടയില്‍ കല്ലേറുണ്ടായി. ഇതിലൊന്നും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തിനു പിന്നില്‍ ആസൂത്രിതമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.


റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച്‌ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടി വരുന്ന സാഹചര്യത്തില്‍ ആര്‍പിഎഫും പോലീസും പരിശോധന കര്‍ശനമാക്കും.

Post a Comment

Previous Post Next Post