കരുവഞ്ചാല്‍, ആലക്കോട് പാലം പണി പാതിവഴിയില്‍



കരുവഞ്ചാല്‍: മലയോര മേഖലയില്‍ കാലപ്പഴക്കം നേരിടുന്ന പ്രധാന പാലങ്ങളായ കരുവഞ്ചാല്‍, ആലക്കോട് പാലങ്ങള്‍ക്ക് സമീപം പുതുതായി നിര്‍മിക്കുന്ന പാലങ്ങളുടെ പണി നിലച്ചു.

മഴയുടെ കാരണം ചൂണ്ടിക്കാട്ടി കരാറുകാരൻ പ്രവര്‍ത്തി നിര്‍ത്തിവെക്കുകയായിരുന്നു. 

ഇതില്‍ ആലക്കോട് പാലം മെയിൻ സ്ലാബിന്‍റെ പണി വരെ പൂര്‍ത്തിയായതാണ്. ഇനി പ്രധാനമായും അപ്രോച്ച്‌ റോഡിന്‍റെ പണിയാണ് പൂര്‍ത്തിയാകാനുള്ളത്. അതേ സമയം കരുവഞ്ചാല്‍ പാലത്തിന്‍റെ തൂണുകളുടെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. 


ആരംഭഘ‌ട്ടത്തില്‍ ആലക്കോട് പാലത്തിന് നിരവധി തടസങ്ങള്‍ നേരിട്ടിരുന്നു. സ്വകാര്യവ്യക്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് ഏറെനാള്‍ പ്രവര്‍ത്തി മുടങ്ങിക്കിടന്നു. പിന്നീട് കോടതി കേസ് തള്ളിയതിനു ശേഷമാണ് പണിയാരംഭിച്ചത്. സജീവ് ജോസഫ് എംഎല്‍എയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും നിരന്തരം ഇടപെടലാണ് നിര്‍മാണം വേഗത്തിലാക്കിയത്. എന്നാല്‍ കാലവര്‍ഷം ആരംഭത്തോടുകൂടി കരാറുകാരൻ പണി നിര്‍ത്തിവെക്കുകയായിരുന്നു. 


കരുവഞ്ചാല്‍ ടൗണില്‍ നിലവിലുള്ള പാലം വളരെ ഇടുങ്ങിയതും അപകടാവസ്ഥയിലും ആയതിനാല്‍ ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമാണ്. മലയോര ഹൈവേയും തളിപ്പറമ്ബ് കൂര്‍ഗ് ബോര്‍ഡര്‍ റോഡും സംഗമിക്കുന്നതിനാല്‍ ഇവിടെ വാഹന ഗതാഗതം വര്‍ധിച്ചിട്ടുമുണ്ട്. രണ്ടു പാലങ്ങളുടെയും പ്രവര്‍ത്തി ഉടൻ പുനഃരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു. 


എന്നാല്‍ തുലാമഴ ഇനിയും വരാനുള്ളതിനാല്‍ ഇതുകൂടി മാറിയാല്‍ മാത്രമേ കരുവഞ്ചാല്‍ പാലത്തിന്‍റെ പണിയാരംഭിക്കാനാകൂ എന്നാണ് കരാറുകാരൻ പറയുന്നത്. അതേ സമയം സാങ്കേതിക വിദ്യ പുരോഗമിച്ചിട്ടും മഴയുടെ പേരില്‍ നിര്‍മാണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വ്യാപാരികളും പ്രദേശവാസികളും പറയുന്നു.

Post a Comment

Previous Post Next Post